മെസി എംബാപ്പെയോടൊപ്പം പിഎസ്ജിയിൽ തുടരും; ഉറപ്പ് നൽകി ക്ലബ്ബ്

December 22, 2022

അർജന്റീനയുടെയും ഇതിഹാസ താരം ലയണൽ മെസിയുടെയും വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് ടീം ഇത്തവണത്തെ ലോക കിരീടത്തിൽ മുത്തമിട്ടത്. മെസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഫുട്‌ബോൾ കരിയറിന് പൂർണത നൽകിയ നിമിഷമായിരുന്നു ലോകകപ്പ് കിരീട നേട്ടം. നായകനായി മുൻപിൽ നിന്ന് ടീമിനെ നയിച്ചതിനൊപ്പം ലോകകപ്പിലെ ഏറ്റവും മികച്ച താരമായും മെസി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ രീതിയിലും സമ്പൂർണമായി മെസിക്കവകാശപ്പെട്ട ലോകകപ്പായിരുന്നു ഇത്.

എന്നാൽ ലോകകിരീടം നേടിയതിന് ശേഷം ഏറ്റവും കൂടുതൽ ചർച്ചയായ മറ്റൊരു ചോദ്യമാണ് മെസിയുടെ ക്ലബ്ബ് ഫുട്‌ബോളിലെ ഭാവി. പിഎസ്ജിയുടെ താരമാണ് മെസി ഇപ്പോൾ. ലോകകപ്പിന് ശേഷം മെസി ക്ലബ്ബിൽ തന്നെ തുടരുമോ അതോ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് മാറുമോയെന്ന് നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. താരത്തിന്റെ മുൻ ക്ലബ്ബായ ബാഴ്‌സിലോണ അടക്കം താരത്തിനെ ടീമിലെത്തിക്കാൻ കാത്തിരിക്കുകയാണ് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ മെസി പിഎസ്ജിയിൽ തന്നെ തുടരുമെന്നാണ് ക്ലബ്ബ് അറിയിച്ചിരിക്കുന്നത്. അടുത്ത സീസണിലും താരം ഫ്രഞ്ച് ക്ലബ്ബിൽ തന്നെ തുടരുമെന്നാണ് ഇപ്പോൾ പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിഎസ്ജിയിൽ മെസിയുടെ സഹതാരമായ എംബാപ്പെ അടക്കമുള്ള താരങ്ങൾ അണിനിരന്ന ഫ്രാൻസിനെ തകർത്താണ് അർജന്റീന ലോകകിരീടം നേടിയത്.

Read More: റൊണാൾഡോയുടെ വൈകാരികമായ കുറിപ്പിന് മറുപടി നൽകി പെലെയും എംബാപ്പെയും; ഏറ്റെടുത്ത് ആരാധകർ

അതേ സമയം 80 മിനിറ്റ് വരെ പൂർണമായും അർജന്റീന നിറഞ്ഞാടിയ ഫൈനൽ മത്സരം വെറും ഒന്നര മിനുട്ട് കൊണ്ട് കിലിയൻ എംബാപ്പെ എന്ന അത്ഭുത മനുഷ്യൻ ഫ്രാൻസിന്റെ ദിശയിലേക്ക് തിരിച്ചു വിട്ടു. അവിടുന്നങ്ങോട്ട് പിന്നെ കണ്ടത് ഫിഫ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്ന്. ഒരു പക്ഷെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശ പോരാട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മെസ്സി നിറവേറ്റിയത്.

Story Highlights: Messi will continue playing for psg