ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാലും മമ്മൂട്ടിയും; ഖത്തര് മിനിസ്ട്രിയുടെ അതിഥിയായി മോഹന്ലാല്
ഒരു മാസം നീണ്ടു നിന്ന കായിക മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങുകയാണ്. രാത്രി 8.30 ന് നടക്കുന്ന ലോകകപ്പ് ഫൈനൽ മത്സരത്തിൽ മെസിയുടെ അർജന്റീന നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ നേരിടും. മലയാളികളടക്കം ലോകമെമ്പാടുമുള്ള ആരാധകരൊക്കെ വലിയ ആവേശത്തോടെയാണ് ഫൈനൽ മത്സരത്തിനായി കാത്തിരിക്കുന്നത്. പ്രവചനങ്ങൾക്കതീതമായ മത്സരമാണിത്.
ഇപ്പോൾ മലയാളികളുടെ പ്രിയ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഫൈനൽ മത്സരം കാണാനുണ്ടാവുമെന്നാണ് അറിയാൻ കഴിയുന്നത്. ഖത്തര് മിനിസ്ട്രിയുടെ അതിഥിയായാണ് മോഹന്ലാല് മത്സരം കാണാന് എത്തുന്നത്. ഫുട്ബോളിനോടുള്ള കേരളത്തിന്റെ സ്നേഹം അറിയിക്കുന്ന മോഹന്ലാലിന്റെ ട്രിബ്യൂട്ട് സോംഗ് ഖത്തറില് വച്ച് പുറത്തിറക്കിയിരുന്നു. മലപ്പുറത്തെ സെവന്സ് മൈതാനങ്ങളില് നിന്ന് ലോക ഫുട്ബോളിലേക്ക് എത്തുന്ന തരത്തിലായിരുന്നു ഗാനത്തിന്റെ ദൃശ്യാഖ്യാനം. ബറോസിലെ മോഹന്ലാല് കഥാപാത്രത്തിന്റെ ദൃശ്യത്തോടെയാണ് വിഡിയോ സോംഗ് ആരംഭിക്കുന്നതും അവസാനിക്കുന്നതും.
അതേ സമയം മികച്ച സ്വീകരണമാണ് പ്രിയ നടൻ മമ്മൂട്ടിക്ക് ഖത്തറിൽ ലഭിച്ചത്. ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്പോൾ ഏറ്റവും അർഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയർത്താൻ സാധിക്കട്ടെയെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ഏറ്റവും കൂടുതല് മലയാളികള് കണ്ട ലോകകപ്പാണ് ഖത്തറിലേതെന്നാണ് വിലയിരുത്തപ്പെടുന്നത്. വാശിയേറിയ പോരാട്ടത്തിന് സാക്ഷിയാകാന് നിരവധി മലയാളികളും ഒരുങ്ങി കഴിഞ്ഞു. കാല്പ്പന്ത് കളിയെ ജീവിതത്തോട് ചേര്ത്തുപിടിക്കുന്ന മലയാളികള്ക്ക് ലോക പോരാട്ടങ്ങള് കാണാന് വലിയ അവസരങ്ങള് ഒരുക്കിയാണ് ഖത്തര് ലോകകപ്പ് 2022 വിടവാങ്ങുന്നത്.
ക്രൊയേഷ്യയെ എതിരില്ലാത്ത 3 ഗോളിന് തകർത്താണ് അർജന്റീന ഫൈനലിൽ പ്രവേശിച്ചത്. അതേ സമയം ഈ ലോകകപ്പിലെ കറുത്ത കുതിരകളായിരുന്ന മൊറോക്കോയെ എതിരില്ലാത്ത 2 ഗോളിന് പരാജയപ്പെടുത്തിയാണ് ഫ്രാൻസ് ഫൈനലിന് യോഗ്യത നേടിയത്. തുല്യ ശക്തികളായ അർജന്റീനയും ഫ്രാൻസും ഇന്ന് ലുസൈൽ സ്റ്റേഡിയത്തിൽ പോരാട്ടത്തിന് ഇറങ്ങുമ്പോൾ തീ പാറുമെന്ന് ഉറപ്പാണ്.
Story Highlights: Mohanlal and mammooty to watch world cup final