വിചിത്രമായ ആചാരങ്ങളുമായി ഒരു ‘പെൺ സാമ്രാജ്യം’- മൊസുവോ ജനതയുടെ ജീവിതം

May 11, 2023

കുടുംബവ്യവസ്ഥയിലും പുരുഷന്മാരുടെ ഭരണത്തിലും വിശ്വസിക്കുന്ന ഒരു ജനതയിൽ ലിംഗസമത്വത്തിനായുള്ള പോരാട്ടങ്ങൾ അത്ഭുതമുളവാക്കാറുണ്ട്. സ്ത്രീയ്ക്കും പുരുഷനും തുല്യ പ്രാധാന്യം എന്ന ചിന്തയ്ക്ക് ഇന്ന് വലിയ സ്വീകാര്യത ഉണ്ടെങ്കിലും പുരുഷന്മാരെ സംരക്ഷകരായി കാണുന്ന സമൂഹമാണ് ഇന്നും നിലനിൽക്കുന്നത്. സ്ത്രീസമത്വത്തിനായുള്ള പോരാട്ടങ്ങൾ നടക്കുന്ന വേളയിലാണ് മൊസുവോ ഗോത്രത്തിന്റെ പ്രത്യേകത മനസിലാക്കേണ്ടത്.

പരമ്പരാഗതമായി ഇവിടം സ്ത്രീകളുടെ സാമ്രാജ്യമാണ്. ഹിമാലയൻ താഴ്വരയിലാണ് ഈ ഗോത്രം ജീവിക്കുന്നത്. സ്ത്രീകൾ എല്ലാ ശക്തിയും ആസ്വദിക്കുന്ന ഒരു രാജ്യമാണെന്ന് തന്നെ പറയാം. ലോകത്തിലെ അവസാനത്തെ മാട്രിയാർക്കൽ സൊസൈറ്റി എന്ന് അറിയപ്പെടുന്ന മൊസുവോ ജനങ്ങൾ, നൂറ്റാണ്ടുകളായി ലുഗു തടാകത്തിന്റെ തീരത്താണ് താമസിക്കുന്നത്. ചൈനയുടെ യുനാൻ, സിഷ്വാൻ പ്രവിശ്യകളുടെ അതിർത്തിയായ ഈ തടാകം സമുദ്രനിരപ്പിൽ നിന്ന് 2700 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

മൊസുവോ ജനതയെ ചൈനീസ് സർക്കാർ അംഗീകരിച്ചിട്ടില്ല. ന്യൂനപക്ഷ വിഭാഗമായാൽ പോലും അവരുടെ ജനസംഖ്യ താരതമ്യേന വളരെ കുറവാണ് എന്നതാണ് കാരണം. അതുകൊണ്ട് തന്നെ പുറമേയുള്ള യാതൊരു നിയമങ്ങളും ഇവർക്ക് ബാധകമല്ല.

മാത്രമല്ല,വളരെ കർശനമായ നിയമങ്ങളാണ് ഇവിടെ നിലനിക്കുന്നത്. അടിസ്ഥാനപരമായി ഈ പ്രദേശത്തിന്റെ ദൂരക്കൂടുതലാണ് ഇവിടുത്തെ ജനങ്ങളെ അവരുടെ ആചാരങ്ങളെ ഇത്രയും കർശനമായി സംരക്ഷിക്കാൻ സഹായിച്ചത്. ലോകത്തിന്റെ ഒരു ഭാഗത്തും ഇല്ലാത്ത നിയമങ്ങളും ആചാരങ്ങളുമാണ് ഇവിടെയുള്ളത്.

മൊസുവോ സമൂഹത്തിൽ സ്ത്രീകളാണ് അധികാരികൾ. അവരാണ് ആ സമൂഹത്തിന്റെ മുഖമുദ്ര. അതുകൊണ്ടുതന്നെ പുരുഷന്മാരിലൂടെ പൂർണത ലഭിക്കുന്നു എന്ന് ഇവിടുത്തെ സ്ത്രീകൾ വിശ്വസിക്കുന്നില്ല. ലോകത്തിന്റെ പലഭാഗത്തും വിവാഹം ആത്യന്തികമായ ഒരു നേട്ടമായി കണക്കാക്കുമ്പോൾ മൊസുവോയിൽ അങ്ങനെ ഒരു ചിന്താഗതി ഇല്ല. ‘വാക്കിംഗ് മാര്യേജ്’ എന്ന ഒരു സമ്പ്രദായമാണ് അവർക്കുള്ളത്. അതായത് മൊസുവോ കന്യകമാർ അവരുടെ വരന്മാരെ തിരഞ്ഞെടുക്കുന്നു.

സ്ത്രീകളുടെ ക്ഷണം അനുസരിച്ച് പുരുഷന്മാർ ഇവരുടെ വീട് സന്ദർശിക്കുന്നു. പിന്നീട് സ്വന്തം വീട്ടിലേക്ക് മടങ്ങുന്നു. അതായത്, ദമ്പതികൾ ഒന്നിച്ച് താമസിക്കുന്നില്ല. കുഞ്ഞിന്റെ ഉത്തരവാദിത്തം അമ്മയ്ക്കാണ്. എന്നാൽ, ഇവിടുത്തെ പുരുഷന്മാർക്ക് സ്വന്തം മക്കളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടെങ്കിലും മരുമക്കളെ വളർത്തേണ്ടത് അവരുടെ ചുമതലയാണ്.

എന്നാൽ തീർത്തും പുരുഷന്മാർക്ക് പ്രാധാന്യമില്ലാത്ത സമൂഹവുമല്ല മൊസുവോ. പരമ്പരാഗതമായി, അവർ ഉൽപ്പന്നങ്ങൾ വിൽക്കാനും ഉപജീവനമാർഗം നേടാനും ഗ്രാമത്തിൽ നിന്ന് മാറി നിൽക്കാറുണ്ടായിരുന്നു. മീൻപിടുത്തം, വീടുകൾ പണിയുക, കന്നുകാലികളെ വളർത്തുക എന്നിവയും ഇവരുടെ ചുമതലയാണ്.

Read Also: ഈ ബസ്സിലെ യാത്രക്കാർക്ക് ധീരതയ്ക്കുള്ള അവാർഡ് കൊടുത്തേ പറ്റു!- ശ്വാസമടക്കിയിരുന്ന് കാണേണ്ട കാഴ്ച..

പക്ഷെ, സ്വത്തും സമ്പത്തും കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണ്. അതുകൊണ്ട് തന്നെയാണ് ഇവിടെ പെൺഭരണമായി മാറിയതും. മറ്റു സമൂഹങ്ങളെ അപേക്ഷിച്ച് നായകളെയാണ് ഇവർ ആരാധിക്കുന്നത്. മൊസുവോ സങ്കല്പമനുസരിച്ച് നായകൾക്ക് 80 വയസുവരെയായിരുന്നു ആയുസ്, മനുഷ്യർക്ക് 13 വയസുവരെയും. എന്നാൽ, നായയും മനുഷ്യനും ജീവിത ദൈർഘ്യം കൈമാറിയെന്നും അന്നുമുതൽ നായയെ ആരാധിക്കുന്നുമെന്നുമാണ് വിശ്വാസം.

Story highlights- mosuo culture