“നെയ്‌മർ ഫൈനലിൽ പന്ത് തട്ടും, കിരീടം ഉയർത്തും..”; പ്രതീക്ഷകൾ പങ്കുവെച്ച് താരത്തിന്റെ പിതാവ്

December 2, 2022

ലോകകപ്പിൽ ബ്രസീൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് മുന്നേറുമ്പോഴും സൂപ്പർ താരം നെയ്‌മറിന്റെ പരിക്ക് ആരാധകർക്ക് വലിയ നൊമ്പരമാവുകയാണ്. നേരത്തെ രണ്ട് മത്സരങ്ങൾ താരത്തിന് കളിക്കാനാവില്ലെന്ന് അറിയിച്ചിരുന്നെങ്കിലും ഇപ്പോൾ ലോകകപ്പ് തന്നെ നെയ്‌മറിന് നഷ്ടമാവുമോയെന്ന ആശങ്കയിലാണ് ആരാധകർ. കഴിഞ്ഞ ദിവസം കണങ്കാലിനേറ്റ പരിക്കിന്റെ ചിത്രങ്ങൾ താരം തന്നെ പങ്കുവെച്ചതോടെയാണ് ആരാധകരുടെ ആശങ്ക ഇരട്ടിയായത്. നെയ്‌മറിന്റെ പരിക്ക് ഗുരുതരമാണെന്നാണ് ഒരു കൂട്ടം ആരാധകർ അഭിപ്രായപ്പെട്ടത്.

നെയ്‌മർ ലോകകപ്പ് ഫൈനൽ കളിക്കാൻ ടീമിലേക്ക് തിരിച്ചെത്തുമെന്ന് ആണ് തന്റെ പ്രതീക്ഷയെന്ന് ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ് താരത്തിന്റെ പിതാവ്. “നെയ്‌മറിന് തന്‍റെ ഏറ്റവും മികച്ച ഫോമില്‍ ഫൈനല്‍ കളിക്കാനെത്താന്‍ കഴിയും. മുമ്പും പരിക്കിന് ശേഷം തിരിച്ചെത്തിയപ്പോള്‍ നെയ്‌മര്‍ മിന്നും ഫോമിലായിരുന്നു. ഫൈനലില്‍ ഏറ്റവും മികച്ച പ്രകടനം നെയ്‌മര്‍ പുറത്തെടുക്കും. നെയ്‌മര്‍ വളരെ പ്രധാനപ്പെട്ട താരമാണെന്ന് എല്ലാവര്‍ക്കും അറിയാം. മൈതാനത്തും സഹതാരങ്ങളിലും വലിയ സ്വാധീനം ചൊലുത്താന്‍ കഴിയുന്ന താരം. ഒന്നാം നമ്പർ താരമായതിനാല്‍ നെയ്‌മര്‍ മൈതാനത്ത് എത്തുമ്പോള്‍ തന്നെ ആ വ്യത്യാസം മനസിലാകും. ബ്രസീലിയന്‍ ടീമിനായി സഹതാരങ്ങള്‍ക്കൊപ്പം കിരീടം ഉയര്‍ത്താന്‍ നെയ്‌മറുണ്ടാകും”- ഒരു മാധ്യമത്തോട് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Read More: “മെസ്സി അങ്ങനെ ചെയ്യുന്ന ആളല്ല..”; ജേഴ്‌സി വിവാദത്തിൽ മെസ്സിക്ക് പിന്തുണയുമായി മെക്‌സിക്കൻ നായകൻ

എന്നാൽ നെയ്‌മറില്ലെങ്കിലും ബ്രസീൽ ടീമിന് ആശങ്കപ്പെടാനില്ല എന്നാണ് കളി നിരീക്ഷകർ വിലയിരുത്തുന്നത്. വലിയ പ്രതീക്ഷയാണ് ബ്രസീലിന്റെ യുവനിര ലോകമെങ്ങുമുള്ള ആരാധകർക്ക് നൽകുന്നത്. മികച്ച വിജയമാണ് ആദ്യ മത്സരത്തിൽ ബ്രസീൽ നേടിയത്. അറുപതു മിനിട്ടിലേറെ നീണ്ട സമനിലപ്പൂട്ടു പൊളിച്ച് റിചാർലിസൻ ബ്രസീലിനായി 62-ാം മിനിട്ടിലാണ് ആദ്യ ഗോൾ നേടിയത്. സെർബിയ പ്രതിരോധ താരങ്ങളെ മറികടന്ന് നെയ്മർ നൽകിയ പാസിൽ വിനീസ്യൂസ് തകർപ്പൻ ഷോട്ട് ഉതിർക്കുന്നു. സെർബിയൻ ഗോളി പന്തു തട്ടിയകറ്റിയപ്പോൾ ബോക്സിലുണ്ടായിരുന്ന റിചാർലിസന്റെ റീബൗണ്ട് ഷോട്ട് വലയിലെത്തിച്ചു. തൊട്ടു പിന്നാലെ 73-ാം മിനിട്ടിൽ അടുത്ത ​​ഗോൾ. വിനീസ്യൂസിന്റെ പാസിൽ ബോക്സിന് അകത്ത് നിന്ന് റിചാർലിസന്റെ ബൈസിക്കിൾ കിക്ക് ബ്രസീലിനായി രണ്ടാം ​ഗോൾ സമ്മാനിച്ചു.

Story Highlights: Neymar will return in the final according to his father