പെലെയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്; ക്യാൻസർ ഹൃദയത്തെയും വൃക്കകളെയും ബാധിച്ചു

December 22, 2022

ബ്രസീലിന്റെ ഇതിഹാസ താരമായ പെലെയുടെ ആരോഗ്യ നില ഗുരുതരമെന്ന് സൂചന. ക്യാൻസർ അദ്ദേഹത്തിന്റെ ഹൃദയത്തെയും വൃക്കകളെയും ബാധിച്ചുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുടലില്‍ അര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വർഷം പെലെയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. നീര്‍ക്കെട്ടിനെത്തുടര്‍ന്നാണ് നേരത്തെ പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാൽ ആരോഗ്യ നിലയിൽ അദ്ദേഹം പുരോഗതി കാണിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വീണ്ടും വഷളായി എന്ന വാർത്ത ഏറെ ആശങ്കാജനകമാണ്. ഇതോടെ പെലെയുടെ വീട്ടിൽ ഒരുക്കിയിരുന്ന ക്രിസ്‌മസ് ആഘോഷം റദ്ദാക്കി. താരം ആശുപത്രിയിൽ തന്നെ തുടരുമെന്നും മകൾ അറിയിച്ചു.

അതേ സമയം നേരത്തെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ ചികിത്സയില്‍ കഴിയുന്നതിനിടെ താന്‍ ശക്തനായിരിക്കുന്നുവെന്ന പ്രതികരണവുമായി അദ്ദേഹം എത്തിയിരുന്നു. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയായിരുന്നു പെലെയുടെ പ്രതികരണം. എല്ലാവരെയും പോസിറ്റീവായി നിലനിര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നു. ചികിത്സ തുടരുകയാണ്. തന്നെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നതായും പെലെ കുറിച്ചു. “എന്റെ സുഹൃത്തുക്കളേ, എല്ലാവരേയും ശാന്തമായും പോസിറ്റീവായും നിലനിര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ശക്തനാണ്. വളരെയധികം പ്രതീക്ഷയോടെ, പതിവുപോലെ ചികിത്സ പിന്തുടരുന്നു. എനിക്ക് ലഭിച്ച എല്ലാ പരിചരണത്തിനും മുഴുവന്‍ മെഡിക്കല്‍, നഴ്‌സിംഗ് ടീമിനും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ദൈവത്തില്‍ വളരെയധികം വിശ്വാസമുണ്ട്, ലോകമെമ്പാടുമുള്ള നിങ്ങളില്‍ നിന്ന് എനിക്ക് ലഭിക്കുന്ന സ്‌നേഹത്തിന്റെ ഓരോ സന്ദേശവും എന്നെ ഊര്‍ജ്ജസ്വലനാക്കുന്നു. ലോകകപ്പില്‍ ബ്രസീലിനെ കൂടി കാണുക! എല്ലാത്തിനും വളരെ നന്ദി’- പെലെ കുറിച്ചു.

Read More: പെൺകുട്ടിയായി ജനിച്ചതിനാൽ അച്ഛൻ ഉപേക്ഷിച്ചുപോയി, ഭാവിയിൽ സംസാരിക്കാനാകുമോ എന്ന് ഡോക്ടർമാർ സംശയിച്ച കുരുന്ന്- പ്രതിബന്ധങ്ങളെ തരണംചെയ്ത് പാട്ടുവേദിയിലെത്തിയ ശ്രിഥക്കുട്ടി!

നേരത്തെ ലയണൽ മെസി ലോകകപ്പ് നേടിയതിന് ശേഷം പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ പെലെ കമന്റ്റ് ചെയ്‌തിരുന്നു. അതോടൊപ്പം തന്നെ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ വിടവാങ്ങൽ കുറിപ്പിലും അദ്ദേഹം പ്രതികരിച്ചിരുന്നു. പെലെയുടെ ഈ കമന്റുകളൊക്കെ ആരാധകർ ഏറ്റെടുത്തിരുന്നു.

Story Highlights: Pele health condition critical