ഒരേയൊരു രാജാവ്; പെലെയ്ക്ക് ഹൃദയഭേദകമായ വിടവാങ്ങൽ കുറിപ്പുമായി മെസിയും നെയ്മറും, നിലയ്ക്കാത്ത സ്നേഹത്തിന് നന്ദി പറഞ്ഞ് റൊണാൾഡോ
ഫുട്ബോളിന്റെ രാജാവ് വിടവാങ്ങി. കാൽപന്തുകളിയെ നെഞ്ചോട് ചേർത്ത കോടിക്കണക്കിന് ആളുകളെ നൊമ്പരപ്പെടുത്തി ബ്രസീലിന്റെ ഇതിഹാസ താരം പെലെ അന്തരിച്ചു. 82 വയസായിരുന്നു. അർബുദ ബാധിതനായതിനെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പെലെയുടെ ഏജന്റ് ജോ ഫ്രാഗയാണ് മരണം സ്ഥിരീകരിച്ചത്. പെലെയുടെ മകളും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇപ്പോൾ പെലെയെ അനുസ്മരിച്ച് പ്രമുഖ ഫുട്ബോൾ താരങ്ങൾ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളുമാണ് ശ്രദ്ധേയമാവുന്നത്. ലാറ്റിനമേരിക്കൻ ഫുട്ബോളിൽ പെലെയുടെയും മറഡോണയുടെയും പിന്തുടർച്ചക്കാരെന്ന് ആരാധകർ കരുതുന്ന ഇതിഹാസ താരങ്ങളായ മെസിയുടെയും നെയ്മറുടെയും ഹൃദയം തൊടുന്ന കുറിപ്പും ചിത്രങ്ങളുമാണ് ഇപ്പോൾ കളിപ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്.
“പെലെയ്ക്ക് മുന്‍പ് 10 വെറുമൊരു സംഖ്യ ആയിരുന്നു. ജീവിതത്തിന്റെ പല സന്ദര്‍ഭങ്ങളിലും ഈ വാക്കുകള്‍ ഞാൻ കേട്ടിട്ടുണ്ട്. പെലെയ്ക്ക് മുന്‍പ് ഫുട്ബോള്‍ ഒരു കായികയിനം മാത്രമായിരുന്നു. പെലെ എല്ലാം മാറ്റി മറിച്ചു. ഫുട്ബോളിനെ പെലെ ഒരു കലയാക്കി, വിനോദോപാധിയാക്കി. പാവപ്പെട്ടവർക്കും കറുത്തവർക്കും അദ്ദേഹം ശബ്ദം നല്കി. അദ്ദേഹം കാരണം ബ്രസീലിന് അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ ലഭിച്ചു. ഫുട്ബോളും ബ്രസീലും അവരുടെ നിലവാരം മികച്ചതാക്കി. അതിന് രാജാവിനോട് നന്ദി. അദ്ദേഹം പോയെന്നേയുള്ളു അദ്ദേഹത്തിന്റെ മാജിക് ഇവിടെ തന്നെയുണ്ട്”- പെലെയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് നെയ്മർ കുറിച്ചു.
എന്നാൽ വളരെ ലളിതമായ ഒരു ചെറിയ കുറിപ്പാണ് മെസിയുടേത്. പെലെയ്ക്ക് നിത്യശാന്തി നേരുകയായിരുന്നു ലോക ചാമ്പ്യൻ. ഒപ്പം പെലെ അദ്ദേഹത്തെ ചേർത്തു പിടിച്ച ചില നിമിഷങ്ങളുടെ ചിത്രങ്ങളും മെസി പങ്കുവെച്ചു.
Read More: സോക്കറിനായി പിറന്ന ഇതിഹാസം- പെലെ ഓർമ്മയാകുമ്പോൾ..
പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു നീണ്ട കുറിപ്പിലൂടെയാണ് പെലെയ്ക്ക് അനുശോചനം രേഖപ്പെടുത്തിയത്. “ലക്ഷക്കണക്കിന് പേര്‍ക്ക് പ്രചോദനമായി ഇന്നലെയും ഇന്നും എന്നും പെലെയുണ്ടാവും. നിങ്ങള്‍ കാണിച്ച സ്നേഹം അകലെ ആയിരുന്നപ്പോള്‍ പോലും പ്രതിഫലിച്ചു. പെലെയെ ഒരിക്കലും മറന്നുപോകില്ല. ലോകത്തിലെ ഓരോ ഫുട്ബോള്‍ പ്രേമിയിലും അദ്ദേഹത്തിന്റെ ഓര്‍മ്മകളുണ്ടാവും. സമാധാനത്തില്‍ വിശ്രമിക്കൂ രാജാവേ”- പെലെയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് ക്രിസ്റ്റ്യാനോ കുറിച്ചു. അതേ സമയം പെലെയുടെ പാരമ്പര്യം ഒരിക്കലും മറക്കാനാകില്ലെന്നാണ് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ കുറിച്ചത്.
Story Highlights: Pele mourned by football legends