ആകാശത്ത് മാത്രമല്ല, മരങ്ങളിലും മഴവില്ല് വിരിയും- കൗതുകമായി റെയിൻബോ യൂക്കാലിപ്റ്റസ്

December 24, 2022

പ്രകൃതി സുന്ദരം മാത്രമല്ല, കൗതുകകരമായ കാഴ്ചകൾ കൊണ്ട് വൈവിധ്യമാർന്നതുമാണ്. മാനത്ത് വിരിയുന്ന മഴവില്ലുകൾ മരങ്ങളിലും ചാരുത പടർത്തുന്ന മനോഹര കാഴ്ച ഇത്തരത്തിൽ പ്രകൃതിയൊരുക്കിയ കൗതുകമാണ്. യൂക്കാലിപ്റ്റസ് മരങ്ങളിലാണ് ഇങ്ങനെ മഴവിൽ നിറങ്ങൾ കാണാൻ സാധിക്കുക. ഹവായ്, ഫിലിപ്പീൻസ്, ഇന്തോനേഷ്യ തുടങ്ങിയ സ്ഥലങ്ങളിലെ കാടുകളിലാണ് അപൂർവമായ ഈ കാഴ്ച കാണാൻ സാധിക്കുന്നത്.

യൂക്കാലിപ്റ്റസ് ഡിഗ്ലുപ്റ്റ എന്നാണ് ഈ മരങ്ങളുടെ പേര്. വർണ്ണാഭമായതിനാൽ റെയിൻബോ യൂക്കാലിപ്റ്റസ് എന്നറിയപ്പെടുന്നു. ഈ വൃക്ഷം അതിന്റെ പുറംതൊലി പൊഴിഞ്ഞു പോകുമ്പോഴാണ് നിറപ്പകിട്ടാർന്ന് നിൽക്കുന്നത്.മിൻഡാനാവോ ഗം അല്ലെങ്കിൽ റെയിൻബോ ഗം എന്നും അറിയപ്പെടുന്ന റെയിൻബോ യൂക്കാലിപ്റ്റസ് ഉയരമുള്ള ഒരു വൃക്ഷമാണ്. ഇത് മഴക്കാടുകളിൽ മാത്രം കാണുന്ന ഒന്നാണ്. ഫിലിപ്പീൻസ്, ഇന്തോനേഷ്യ, പപ്പുവ ന്യൂ ഗ്വിനിയ എന്നിവിടങ്ങളിൽ ഇത് 250 അടി വരെ ഉയർന്നു വളരും. ഉയരം കൊണ്ടും ശ്രദ്ധേയമാണെങ്കിലും പുറംതൊലിയുടെ നിറമാണ് ഏറ്റവും വലിയ പ്രത്യേകത.

ഈ റെയിൻബോ യൂക്കാലിപ്റ്റസ് പുറംതൊലി ചൊരിയുമ്പോൾ, അത് ആദ്യം പച്ച നിറത്തിലുള്ള പുറംതൊലിയാണ് വെളിപ്പെടുത്തുന്നത്. കാലക്രമേണ, ഇത് നീല, പർപ്പിൾ, ഓറഞ്ച്, മെറൂൺ എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളായി മാറുന്നു. വൃക്ഷം ഒറ്റയടിക്ക് തൊലി പൊഴിച്ച് കളയാത്തതുകൊണ്ടാണ് വർണ്ണാഭമായ നിറങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.

ഈ പ്രക്രിയ അതിമനോഹരമായ ഒരു കാഴ്ചയാണ് സമ്മാനിക്കുന്നത്. , ലോകമെമ്പാടുമുള്ള ബൊട്ടാണിക്കൽ ഗാർഡനുകളിൽ ഈ മരങ്ങൾ കാണാം. പലപ്പോഴും ഹവായ്, ടെക്സസ്, ലൂസിയാന, സതേൺ കാലിഫോർണിയ എന്നിവിടങ്ങളിൽ ഒരു അലങ്കാര വൃക്ഷമായി വളർത്താറുണ്ട്. മഞ്ഞില്ലാത്ത കാലാവസ്ഥയിലാണ് റെയിൻബോ യൂക്കാലിപ്റ്റസ് വളരുന്നത്.

Read also:നൂറോളം തെരുവുനായകൾക്ക് ക്രിസ്മസ് വിരുന്നൊരുക്കി യുവാവ്, സമ്മാനമായി കളിപ്പാട്ടങ്ങളും- വിഡിയോ

നിറം കൊണ്ട് മാത്രമല്ല, റെയിൻബോ യൂക്കാലിപ്റ്റസിന് ഉയർന്ന വാണിജ്യ മൂല്യവുമുണ്ട്. പൾപ്പ് വുഡിനുള്ള മികച്ച സ്രോതസ്സായതിനാലും വൈറ്റ് പേപ്പർ നിർമ്മിക്കുന്നതിനുള്ള പ്രധാന ഘടകമായതിനാലുമാണ് ഇതിന്റെ വാണിജ്യ മൂല്യം ഉയർന്നിരിക്കുന്നത്.

Story highlights- rainbow eucalyptus