കാന്താരയുടെ വിജയം തരുന്ന സന്ദേശം ഇതാണ്..; രാജമൗലിയുടെ വാക്കുകൾ ശ്രദ്ധേയമാവുന്നു

December 11, 2022

ഇന്ത്യൻ സിനിമയിൽ ചരിത്രം സൃഷ്ടിക്കുകയായിരുന്നു ഋഷഭ് ഷെട്ടിയുടെ ‘കാന്താര.’ ദൃശ്യവിസ്‌മയമൊരുക്കിയ കന്നട ചിത്രം വലിയ ഹിറ്റായി മാറിയിരുന്നു.കന്നടയിൽ ചിത്രം വമ്പൻ ഹിറ്റായി മാറിയതോടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി അടക്കമുള്ള ഭാഷകളിൽ ചിത്രം റിലീസ് ചെയ്‌തിരുന്നു. എല്ലാ ഇൻഡസ്ട്രിയിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചെറിയ ബജറ്റിലൊരുങ്ങിയ ചിത്രം ചുരുങ്ങിയ സമയം കൊണ്ട് വമ്പൻ വിജയം നേടുകയായിരുന്നു.

ഇപ്പോൾ ബാഹുബലി, ആർആർആർ അടക്കമുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ എസ്.എസ് രാജമൗലി കാന്താരയുടെ വിജയത്തെ പറ്റി പങ്കുവെച്ച കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. വലിയ വിജയങ്ങൾ നേടാൻ നിങ്ങൾക്ക് വലിയ ബജറ്റിന്റെ ആവശ്യമില്ലെന്നും കാന്താരയുടെ വമ്പൻ വിജയം അതിനുദാഹരണമാണെന്നും പറയുകയാണ് സംവിധായകൻ. “വലിയ ബജറ്റുകൾ എന്തോ സംഭവമാണ് എന്ന അവസ്ഥയിലായിരുന്നു. പെട്ടെന്ന് കാന്താര വന്നു. അത് ഉണ്ടാക്കുന്ന പണത്തിന്‍റെ കണക്കുകള്‍ നോക്കുക. അതായത് വലിയ വിജയം നേടാന്‍ നിങ്ങള്‍ക്ക് വലിയ ബജറ്റ് സിനിമകള്‍ ആവശ്യമില്ല. കാന്താര പോലൊരു ചെറിയ ചിത്രത്തിന് പോലും അത് ചെയ്യാൻ കഴിയും”- ഒരു ഓൺലൈൻ ചാനലിനോട് അദ്ദേഹം തുറന്നു പറഞ്ഞു.

Read More: ‘ എന്റെ വാക്കുകളെ കേൾക്കാതെ വിട്ടുപോയിരുന്നെങ്കിൽ, ഈ സിനിമ ഉണ്ടാകുമായിരുന്നോ?’ – ശ്രദ്ധനേടി ഭദ്രന്റെ വാക്കുകൾ

അതേ സമയം ബാഹുബലി താരം പ്രഭാസ് കാന്താരയെ പ്രശംസിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായി മാറിയിരുന്നു. അവിശ്വസനീയവും അസാധാരണവുമായ തിയേറ്റർ അനുഭവമാണ് കാന്താര നൽകുന്നതെന്നാണ് പ്രഭാസ് അഭിപ്രായപ്പെട്ടത്. രണ്ട് തവണ ചിത്രം തിയേറ്ററിൽ കണ്ടുവെന്നും മികച്ച കൺസെപ്റ്റുള്ള ത്രില്ലിംഗ് അനുഭവം നൽകുന്ന കാന്താര തിയേറ്ററിൽ തന്നെ കാണേണ്ട ചിത്രമാണെന്നും പ്രഭാസ് പറഞ്ഞു. “കാന്താര രണ്ടാം തവണയും കണ്ടു, എന്തൊരു അസാധാരണമായ അനുഭവമാണ്. മികച്ച കണ്‍സെപ്റ്റും, ത്രില്ലിംഗ് അനുഭവവും, തിയേറ്ററില്‍ തന്നെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രം”- പ്രഭാസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Story Highlights: Rajamouli about kanthara