72 ന്റെ നിറവിൽ സ്റ്റൈൽ മന്നൻ; ജയിലറിന്റെ റിലീസ് കാത്ത് ആരാധകർ

December 12, 2022

സ്റ്റൈൽ മന്നൻ രജനികാന്തിന്റെ 72 മത് ജന്മദിനമാണ് ഇന്ന്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള സൂപ്പർ താരത്തിന്റെ ജന്മദിനം വലിയ രീതിയിൽ ആഘോഷിക്കുകയാണ് ആരാധകർ. അദ്ദേഹത്തിന്റെ ഫാൻസ്‌ അസോസിയേഷനുകൾ നിരവധി സാമൂഹ്യ-സേവ സന്നദ്ധ പ്രവർത്തനങ്ങളാണ് ഇന്ത്യ മുഴുവൻ നടത്തുന്നത്.

ഇന്നും രജനികാന്തിനോളം വലിയ ആരാധക വൃന്ദമുള്ള താരങ്ങൾ കുറവാണ്. തമിഴ് സിനിമയെ ഇന്ത്യ മുഴുവൻ ജനപ്രിയമാക്കുന്നതിൽ താരം വഹിച്ച പങ്ക് ചെറുതല്ല. അത് കൊണ്ട് തന്നെയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന താരമായി അദ്ദേഹം മാറിയത്. പാൻ ഇന്ത്യൻ സിനിമകളെ പറ്റിയുള്ള ചർച്ചകൾ തുടങ്ങുന്നതിന് മുൻപ് തന്നെ സംസ്ഥാനങ്ങളുടെയും ഭാഷകളുടെയും അതിർത്തികൾ ഭേദിച്ച് ഇന്ത്യ മുഴുവൻ ആഘോഷിക്കപ്പെട്ട സിനിമകളായിരുന്നു അദ്ദേഹത്തിന്റേത്.

പുതിയ തലമുറ സംവിധായകരെ ചേർത്ത് നിർത്തിയ സൂപ്പർ താരമാണ് അദ്ദേഹം. പാ രഞ്ജിത്ത്, കാർത്തിക്ക് സുബ്ബരാജ് അടക്കമുള്ള യുവനിര സംവിധായകർക്കൊപ്പമാണ് അദ്ദേഹം കഴിഞ്ഞ സിനിമകളൊക്കെ ചെയ്‌തത്‌. ഇപ്പോൾ ഏറ്റവും പുതിയ തലമുറയിലെ സംവിധായകനായ നെൽസണിന്റെ കൂടെ വരെ അദ്ദേഹം കൈ കോർക്കുകയാണ്. നെൽസൺ സംവിധാനം ചെയ്യുന്ന ജയിലറാണ് ഇപ്പോൾ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന രജനി ചിത്രം.

അതേ സമയം ഓഗസ്റ്റ് 22 നാണ് രജനികാന്ത് ചിത്രം ജയിലറിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന സിനിമ ലോകമെങ്ങുമുള്ള രജനികാന്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ബീസ്റ്റിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അന്ന് തന്നെ റിലീസ് ചെയ്‌തിരുന്നു. കണ്ണുകളിൽ രൗദ്ര ഭാവത്തോടെ കൈകൾ പുറകിൽ കെട്ടി നിൽക്കുന്ന തലൈവരുടെ പോസ്റ്റർ ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്.

Read More: ബേസിൽ ജോസഫിന് അന്താരാഷ്ട്ര അംഗീകാരം; ഏഷ്യൻ അക്കാദമി അവാർഡ്‌സിൽ മികച്ച സംവിധായകൻ

നേരത്തെ ചിത്രത്തിലെ നടൻ രജനികാന്തിന്റെ ഫസ്റ്റ് ഗ്ലിമ്പ്സ് നിർമ്മാതാക്കൾ പുറത്തു വിട്ടിരുന്നു. 13 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്‌സ് പുറത്തുവിട്ടത്. എപ്പോഴത്തെയും പോലെ അപാരമായ സ്‌ക്രീൻ പ്രെസെൻസ് തന്നെയാണ് അദ്ദേഹത്തിനുള്ളതെന്നാണ് ആരാധകർ പറയുന്നത്.

Story Highlights: Rajinikanth celebrates 72nd birthday