റീമാസ്റ്ററിംഗ് ചെയ്ത ‘ബാബ’യുടെ ട്രെയിലർ എത്തി- ആവേശത്തോടെ രജനികാന്ത് ആരാധകർ
2002ൽ പുറത്തിറങ്ങിയ രജനികാന്തിന്റെ കൾട്ട് ക്ലാസിക് ചിത്രമായ ‘ബാബ’ 20 വർഷത്തിന് ശേഷം റീമാസ്റ്റർ ചെയ്തതിന് ശേഷം തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യുകയാണ്. ഈ സിനിമ നടന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളിലൊന്നാണ്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിൽ രജനികാന്ത്, മനീഷ കൊയ്രാള, ഗൗണ്ടമണി, ഡൽഹി ഗണേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രം നടന്റെ ജന്മദിനത്തോടനുബന്ധിച്ച് ഡിസംബർ 12 ന് വീണ്ടും റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
മികച്ച ഓഡിയോ ക്വാളിറ്റിയും ഡിജിറ്റൽ പ്രിന്റും ഉപയോഗിച്ച് റീമാസ്റ്റർ ചെയ്ത ചിത്രത്തിന്റെ പുതിയ ട്രെയിലർ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു.’എന്റെ ഹൃദയത്തോട് എക്കാലവും അടുത്ത് നിൽക്കുന്ന ഒരു സിനിമ… ബാബയുടെ റീമാസ്റ്റർ ചെയ്ത പതിപ്പ് ഉടൻ പുറത്തിറങ്ങും’- രജനികാന്ത് ട്വിറ്ററിൽ കുറിക്കുന്നു.
കൂട്ടിച്ചേർത്ത തന്റെ ഭാഗങ്ങൾക്ക് മാത്രമായി ഡബ്ബ് ചെയ്ത രജനികാന്തിന്റെ പുതിയ ഓഡിയോ ചിത്രത്തിലുണ്ട്., കൂടാതെ ചിത്രത്തിന്റെ പശ്ചാത്തല സ്കോറും സിനിമാ നിർമ്മാതാക്കൾ കൂട്ടിയിട്ടുണ്ട്. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയത്. സിനിമയുടെ പുതിയ പതിപ്പിൽ കുറച്ച് മാറ്റങ്ങളുണ്ടാകും, റണ്ണിംഗ് ടൈം 3 മണിക്കൂറിൽ നിന്ന് 2.5 മണിക്കൂറായി കുറച്ചതാണ് പ്രധാന മാറ്റം.
അതേസമയം, നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന തന്റെ 169-ാമത്തെ ചിത്രമായ ‘ജയിലർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് രജനികാന്ത് ഇപ്പോൾ. മറ്റു രണ്ട് ചിത്രങ്ങളിൽ കൂടി അദ്ദേഹം കരാർ ഒപ്പിട്ടുണ്ട്, ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാൽ സലാം’ എന്ന ചിത്രത്തിൽ രജനികാന്ത് പ്രത്യേക അതിഥി വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
Story highlights- Rajinikanth’s latest ‘Baba’ trailer out now