റൊണാൾഡോയെ നൃത്തം പഠിപ്പിച്ച് റിച്ചാർലിസൺ-വിഡിയോ

ബ്രസീലിന്റെ ഇതിഹാസ താരമാണ് റൊണാൾഡോ. 2002 ലോകകപ്പ് നേടിയ ബ്രസീൽ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു താരം. ഇപ്പോൾ ഈ ലോകകപ്പിലെ ബ്രസീലിന്റെ സൂപ്പർ താരം റിച്ചാർലിസൺ റൊണാൾഡോയെ നൃത്തം പഠിപ്പിക്കുന്നതിന്റെ വിഡിയോ ശ്രദ്ധേയമായി മാറുകയാണ്. ലോകകപ്പിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെയ്ക്കുന്ന താരം ദക്ഷിണ കൊറിയക്കെതിരായ പ്രീ ക്വാർട്ടർ മത്സരവിജയത്തിനു ശേഷമാണ് ഇതിഹാസ താരത്തെ നൃത്തം പഠിപ്പിച്ചത്.
ലോകകപ്പിലെ അതിമനോഹരമായ ഒരു ഗോൾ പിറന്നത് റിച്ചാർലിസണിന്റെ കാലുകളിൽ നിന്നാണ്. ദക്ഷിണ കൊറിയക്കെതിരെ 29 ആം മിനിട്ടിൽ റിച്ചാർലിസൺ നേടിയ ഗോൾ മനോഹരമായിരുന്നു. തൻ്റെ തല കൊണ്ട് പന്ത് പലവട്ടം തട്ടി നിയന്ത്രിച്ച റിച്ചാർലിസൺ പക്വെറ്റയ്ക്ക് പന്ത് കൈമാറി ബോക്സിലേക്ക് കുതിച്ചു. പക്വേറ്റ തിയാഗോ സിൽവയ്ക്ക് പന്ത് മറിച്ചുനൽകി. ബോക്സിനുള്ളിലേക്ക് ഓടിക്കയറിയ റിച്ചാർലിസണ് തിയാഗോ സിൽവയുടെ അളന്നുമുറിച്ച ത്രൂബോൾ. പിഴവില്ലാത്ത ഫിനിഷിംഗ്. ബ്രസീൽ ടീമിന്റെ ഒത്തിണക്കത്തെ കൂടിയാണ് ഈ ഗോൾ കാണിക്കുന്നത്.
അതേ സമയം റിച്ചാർലിസണിനെ പറ്റി മന്ത്രി എം.ബി രാജേഷ് ഫേസ്ബുക്കിൽ എഴുതിയ ഒരു കുറിപ്പ് ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ റിച്ചാർലിസണിന്റെ ജീവിതം നമുക്ക് മാതൃകയാക്കാമെന്ന് പറഞ്ഞിരിക്കുകയാണ് മന്ത്രി എം.ബി രാജേഷ്. ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന നീക്കങ്ങൾക്കൊപ്പം റിച്ചാർലിസൺ പറഞ്ഞ വാക്കുകളും ചേർത്തുവയ്ക്കുകയാണ് മന്ത്രി.
“റിച്ചാർലിസൺ പറയുന്നത് കേൾക്കുക..’എന്റെ തെരുവിൽ മയക്കുമരുന്ന് വിൽപ്പനക്കാർ ഏറെയുണ്ടായിരുന്നു. കൂട്ടുകാരിൽ പലരും ആ വഴിക്ക് പോയി. എളുപ്പത്തിൽ കൂടുതൽ പണം കിട്ടുമായിരുന്നു അവർക്ക്. എനിക്കതിന് കഴിഞ്ഞില്ല. ആ പണം എന്നെ ഭ്രമിപ്പിച്ചതുമില്ല. ഞാൻ ചോക്ലേറ്റും ഐസ്ക്രീമും വിറ്റുനടന്നു. ഇട ദിവസങ്ങളിൽ കാറുകൾ കഴുകി. പട്ടിണിയാണെങ്കിലും അതെന്നെ വിഷമിപ്പിച്ചില്ല.’ മയക്കുമരുന്ന് ലഹരിയെ ഫുട്ബോൾ ലഹരികൊണ്ട് അതിജീവിച്ച റിച്ചാർലിസണെ മാതൃകയാക്കാം. റിച്ചാർലിസന്റെ അക്രോബാറ്റിക് ഗോൾ പോലെ നമുക്കും മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ ലക്ഷ്യം കാണാം”- എം.ബി രാജേഷ് കുറിച്ചു.
Story Highlights: Richarlison teaches dance to ronaldo