‘രാവിലെ അവരുടെ മുഖം സന്തോഷത്താൽ തിളങ്ങുന്നത് കാണുമ്പോൾ മനം നിറയും..’- ക്രിസ്മസ് കുറിപ്പുമായി സംവൃത

December 25, 2022

മലയാളികൾ എന്നും ഹൃദയത്തോട് ചേർത്ത് നിർത്തുന്ന നടിയാണ് സംവൃത സുനിൽ. വെള്ളിത്തിരയിൽ നിന്നും ഇടവേളയെടുത്തെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി. ലോക്ക് ഡൗൺ കാലത്തും വിദേശത്തെ വീട്ടിൽ ആയിരുന്നു സംവൃത. താരത്തിന് രണ്ടാമത്തെ കുഞ്ഞ് പിറന്നത് കഴിഞ്ഞ വർഷമാണ്. ഇപ്പോഴിതാ, മക്കൾക്കൊപ്പമുള്ള ക്രിസ്മസ് ദിനത്തിന്റെ മനോഹാരിത ഒരു കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണ് സംവൃത.

കുട്ടികളെ രസിപ്പിക്കുക, തന്ത്രങ്ങൾ കൈകാര്യം ചെയ്യുക, സാന്തായ്‌ക്കായി കുക്കികൾ ഉണ്ടാക്കുക, ദിവസത്തിൽ ഒന്നിലധികം തവണ ഹോട്ട് ചോക്ലേറ്റ് ഉണ്ടാക്കുക, അവരെ ഉറങ്ങാൻ കിടത്തുക, സമ്മാനങ്ങൾ പൊതിയുക, സാന്തയിൽ നിന്നുള്ളതെന്ന രീതിയിൽ കുറിപ്പുകൾ എഴുതുക! ഇത് വർഷത്തിലെ ഏറ്റവും അത്ഭുതകരമായ തിരക്കുള്ള സമയമാണ്! പക്ഷേ,രാവിലെ അവരുടെ മുഖം സന്തോഷത്താൽ തിളങ്ങുന്നത് കാണുമ്പോൾ മനം നിറയും..’ എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ!- സംവൃതയുടെ കുറിപ്പ് ഇങ്ങനെ.

അതേസമയം, വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും വിട്ടുനിന്ന താരം ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമ മേഖലയിലേക്ക് തിരികെ എത്തിയിരുന്നു. ഇപ്പോഴിതാ അനൂപ് സത്യൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് സംവൃത സുനിൽ. അമേരിക്കയിൽ കുടുംബത്തിനൊപ്പം താമസിക്കുന്ന സംവൃത അവിടെ നിന്നുകൊണ്ടുതന്നെ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.

Read Also: ആദ്യമായി കാഴ്ച്ചക്കിട്ടിയ കുഞ്ഞുമോൾ; നിറകണ്ണുകളോടെയേ അവളുടെ സന്തോഷത്തിൽ പങ്ക് ചേരാൻ കഴിയൂ

2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രസികന്‍’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് സംവൃത. തുടര്‍ന്ന് മലയാളത്തില്‍ നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ സംവൃത കൈകാര്യം ചെയ്തു. 2006ല്‍ ശ്രീകാന്ത് നായകനായ ‘ഉയിര്‍’ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും ‘എവിടെന്തേ നാകേന്തി’എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. സംവൃത പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രത്തിൽ നാട്ടിൻ പുറത്തുകാരിയായ ഗീത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ബിജു മേനോനൊപ്പമാണ് താരം അഭിനയിച്ചത്.

Story highlights- samvritha sunil’s christmas post