ബാലയുടെ ചിത്രത്തിൽ നിന്ന് സൂര്യ പിന്മാറി; ഒരുമിച്ചെടുത്ത തീരുമാനമെന്ന് സംവിധായകൻ

December 5, 2022

സേതു, പിതാമകൻ, നാൻ കടവുൾ അടക്കം ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ഒരു പിടി സിനിമകൾ ചെയ്‌ത സംവിധായകനാണ് ബാല. നവതമിഴ് സിനിമയുടെ നവീകരണത്തിന് ചുക്കാൻ പിടിച്ച സംവിധായകരിലൊരാളായി കരുതപ്പെടുന്ന ബാലയും സൂപ്പർ താരം സൂര്യയും പിതാമകന് ശേഷം വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന വാർത്ത വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സൂര്യ തന്നെയാണ് ഈ കാര്യം തന്റെ സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചത്.

എന്നാൽ ‘വണങ്കാൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നിന്ന് സൂര്യ പിന്മാറി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകളിൽ നിന്ന് അറിയാൻ കഴിയുന്നത്. ബാല തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. “കഥയിലെ ചില മാറ്റങ്ങള്‍ കാരണം സൂര്യക്ക് അത് ചേരുമോ എന്ന ആശങ്ക എനിക്കുണ്ട്. എന്നിലും കഥയിലും സൂര്യക്ക് ഇപ്പോഴും പൂര്‍ണ വിശ്വാസമുണ്ട്. പക്ഷേ എന്നെ ഇത്രയധികം സ്‍നേഹിക്കുന്ന അനുജന് ഞാൻ കാരണം ഒരു മോശവും ഉണ്ടാകരുത് എന്നത് സഹോദരനായ എന്റെ കടമയാണ്. ‘വണങ്കാൻ’ എന്ന സിനിമയില്‍ നിന്ന് സൂര്യ പിൻമാറാൻ ഞങ്ങള്‍ രണ്ടുപേരും ചര്‍ച്ച ചെയ്‌ത്‌ ഏകകണ്ഠമായി തീരുമാനിച്ചു. വല്ലാത്ത സങ്കടമുണ്ടെങ്കിലും എന്റെ താല്‍പര്യം മുൻനിര്‍ത്തിയുള്ള തീരുമാനം തന്നെയാണ് അത്”- ബാല കുറിച്ചു.

അതേ സമയം വിക്രമിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത പിതാമകനിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിച്ചത്. 18 വർഷങ്ങൾക്ക് ശേഷമാണ് ബാലയും സൂര്യയും മറ്റൊരു ചിത്രത്തിനായി വീണ്ടും ഒരുമിക്കാനിരുന്നത്. ‘എന്റെ മെൻറ്ററായ ബാല അണ്ണൻ എനിക്ക് ആക്ഷൻ പറയാനായി കാത്തിരിക്കുകയായിരുന്നു ഞാൻ. 18 വർഷങ്ങൾക്ക് ശേഷം ഇന്ന് ഈ നിമിഷം ആ സന്തോഷമുണ്ടായി. നിങ്ങളുടെ എല്ലാവരുടെയും ആശംസകൾ ഞങ്ങൾക്കുണ്ടാവണം.’- സംവിധായകൻ ബാലയോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് സൂര്യ ചിത്രം പ്രഖ്യാപിച്ചത്.

Read More: ‘മണി, പസിക്കിത് മണി..’- ജയറാമിന് കാളിദാസ് നൽകിയ രസികൻ പണി, ഒപ്പം പൊട്ടിച്ചിരിയോടെ പാർവതി- വിഡിയോ

സൂപ്പർ ശരണ്യ അടക്കമുള്ള മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ മമിത ബൈജുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുവെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. സൂര്യയുടെ ഇതിന് മുൻപിറങ്ങിയ ചിത്രങ്ങളിലും നടിമാരിൽ മലയാളി സാന്നിധ്യമുണ്ടായിരുന്നു. അപർണ ബാലമുരളി, ലിജോമോൾ ജോസ്, പ്രയാഗ മാർട്ടിൻ എന്നിവരാണ് ഇതിന് മുൻപിറങ്ങിയ സൂര്യയുടെ ചിത്രങ്ങളുടെ ഭാഗമായിരുന്ന മലയാള നടിമാർ.

Story Highlights: Surya will not be part of bala movie

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!