കൊടുംതണുപ്പുള്ള കാട്ടിൽ ഒറ്റക്ക് രണ്ടുദിവസം അകപ്പെട്ട് പിഞ്ചുബാലൻ- ചൂടുപകർന്ന് കാവലായത് കരടി!

December 3, 2022

മനുഷ്യനേക്കാൾ കനിവും കരുതലും മൃഗങ്ങൾക്കാണെന്ന് തോന്നിപ്പോകുന്ന ചില സംഭവങ്ങളുണ്ട്. അത്തരത്തിലൊന്ന് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. 2019-ൽ നടന്ന സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. 2019-ൽ കാണാതായ ഒരു കൊച്ചുകുട്ടി കാടിനുള്ളിൽ മരവിച്ച അന്തരീക്ഷത്തിൽ രണ്ട് രാത്രികൾ ഒരു കരടിയുടെ സഹായത്തോടെ അതിജീവിച്ചു.

നോർത്ത് കരോലിനയിൽ ഉള്ള കേസി ഹാത്‌വേ എന്ന കുഞ്ഞിനെ 2019 ജനുവരിയിൽ കാണാതാവുകയായിരുന്നു. മറ്റ് രണ്ട് കുട്ടികൾക്കൊപ്പം മുത്തശ്ശിയുടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നെങ്കിലും മറ്റുള്ളവർ വീട്ടിലേക്ക് പോയിട്ടും ഈ കുട്ടി മാത്രം വന്നില്ല. പോലീസിനെ വിളിക്കുന്നതിന് മുമ്പ് 45 മിനിട്ടോളം വീട്ടുകാർ കുഞ്ഞിനായി തിരച്ചിൽ നടത്തി. എന്നാൽ കണ്ടെത്തിയില്ല.

രക്ഷാപ്രവർത്തകർ കുറ്റിക്കായി തിരച്ചിൽ ആരംഭിച്ചെങ്കിലും മോശം കാലാവസ്ഥയായിരുന്നു കാടിനുള്ളിൽ. അതിനാൽ അവർക്ക് ഉടൻ തിരച്ചിൽ ഉപേക്ഷിക്കേണ്ടിവന്നു. മൂന്ന് പകലും രണ്ട് രാത്രിയും കഴിഞ്ഞ്, രക്ഷാപ്രവർത്തകർ ഒടുവിൽ കുഞ്ഞിനെ കണ്ടെത്തി. അരയോളം ഉയരമുള്ള വെള്ളത്തിലൂടെ അവർ കുഞ്ഞിന്റെ അരികിലേക്ക് എത്തി. മുൾച്ചെടികൾക്കിടയിൽ കരയുന്ന നിലയിലാണ് കേസിയെ കണ്ടെത്തിയത്.കുഞ്ഞ് തണുത്തു കുതിർന്നിരുന്നുവെങ്കിലും സുരക്ഷിതനായിരുന്നു. അമ്മയെ വിളിച്ചാണ് കുഞ്ഞ് കരഞ്ഞുകൊണ്ടിരുന്നത്. മൂന്നു വയസായിരുന്നു അന്നു കുഞ്ഞിന്.

Read Also: ലോകകപ്പ് കാണാനെത്തി; മലയാളിക്ക് അടിച്ചത് രണ്ട് കോടിയുടെ ലോട്ടറി

എന്നാൽ, തിരികെ എത്തിയ കുഞ്ഞ് പറഞ്ഞത് കാടിനുള്ളിൽ അവൻ ഒരു സുഹൃത്തിനെ കണ്ടെത്തിയെന്നാണ്. തനിക്ക് കാട്ടിൽ ഒരു സുഹൃത്ത് ഉണ്ടെന്നും അതൊരു കരടിയാണെന്നും കുഞ്ഞ് പോലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. രണ്ട് ദിവസം കരടിയുമായി ചുറ്റിത്തിരിയുകയായിരുന്നു കുഞ്ഞ്. എന്നാൽ, കാട്ടിൽ കരടികൾ ഉണ്ടെന്നും കേസിനൊപ്പമുണ്ടായിരുന്നത് കരടിയാണ് എന്നതിന് തെളിവുകളില്ലെന്നും പോലീസ് പറഞ്ഞു.

Story highlights- toddler survived 2 freezing nights in woods