പരീക്ഷ തോറ്റതിന് കാരണം യൂട്യൂബ്; 75 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവാവിന് സുപ്രീം കോടതിയുടെ പിഴയും ശാസനയും
ദിവസത്തിൽ ഏറെ സമയവും ഫോണിലും സമൂഹമാധ്യമങ്ങളിലും ചിലവഴിക്കുന്നവരാണ് നമ്മളിൽ പലരും. ചിലപ്പോൾ നേരമ്പോക്കിന് വേണ്ടിയും മറ്റ് ചിലപ്പോൾ പുതിയ കാര്യങ്ങളെ പറ്റി അറിയാനും പഠിക്കാനുമൊക്കെ നമ്മൾ യൂട്യൂബിലടക്കം ഒരുപാട് സമയം ചിലവഴിക്കാറുണ്ട്. എന്നാൽ പലപ്പോഴും സമയം കടന്ന് പോവുന്നത് പോലുമറിയാതെ നമ്മൾ യൂട്യൂബ് വിഡിയോകളും ഇൻസ്റ്റാഗ്രാം റീലുകളും കണ്ടിരിക്കാറുമുണ്ട്.
ഇപ്പോൾ യൂട്യുബിനെതിരെ കേസ് നൽകി നഷ്ടപരിഹാരം ആവശ്യപ്പെട്ട ഒരു യുവാവാണ് ശ്രദ്ധേയനാവുന്നത്. താൻ പരീക്ഷയിൽ തോൽക്കാൻ കാരണം യൂട്യൂബാണെന്നാണ് യുവാവ് പറയുന്നത്. എന്നാൽ പരീക്ഷയിൽ തോറ്റതിന് ഉത്തരവാദി യുട്യൂബാണെന്ന് ആരോപിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവാവിന് സുപ്രീം കോടതിയുടെ ശാസനയാണ് ലഭിച്ചത്. ഒപ്പം കോടതിയുടെ സമയം പാഴാക്കിയതിന് 25,000 രൂപ പിഴയും ചുമത്തി.മധ്യപ്രദേശ് പൊലീസ് പരീക്ഷയിൽ പരാജയപ്പെട്ടതിന് പിന്നാലെ ആനന്ദ് പ്രകാശ് ചൗധരി എന്ന വിദ്യാർത്ഥിയാണ് യൂട്യുബിനെതിരെ ഹർജിയുമായി എത്തിയത്. പരീക്ഷയിൽ തോറ്റതിന് ഉത്തരവാദി യുട്യൂബാണെന്ന് ആരോപിച്ചായിരുന്നു ഹർജി. 75 ലക്ഷം രൂപ നഷ്ടപരിഹാരമായി യുവാവ് ആവശ്യപ്പെട്ടു.
Read More: ‘മുൻപേ വായെൻ അൻപേ വാ…’-ശബരിമല ഡ്യൂട്ടിക്കിടയിൽ അതിമനോഹര ആലാപനവുമായി പോലീസുകാരൻ
അതേ സമയം ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചാണ് വെള്ളിയാഴ്ച ഹർജി പരിഗണിച്ചത്. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് യുവാവിന് പിഴയും ശാസനയും ലഭിച്ചു. യൂട്യൂബ് കാണണോ വേണ്ടയോ എന്നത് വ്യക്തിപരമായ തീരുമാനമാണ്. പരീക്ഷയിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ യൂട്യൂബ് കാണരുത്. പരസ്യം കാണാൻ താൽപ്പര്യമില്ലെങ്കിൽ അത് കാണരുതെന്ന് പറഞ്ഞ കോടതി ഇത് ഏറ്റവും മോശം ഹർജികളിൽ ഒന്നാണെന്നും കോടതിയുടെ സമയം നശിപ്പിക്കാൻ മാത്രമാണ് ഇത്തരമൊരു ഹർജി ഫയൽ ചെയ്യുന്നതെന്നും വിമർശിച്ചു. ഇതിന് പിന്നാലെയാണ് ഹർജിക്കാരന് കോടതി 25,000 രൂപ പിഴ ചുമത്തിയത്.
Story Highlights: Young man seeks 75 lakhs from youtube