എൺപതാം വയസിലും ചുറുചുറുക്കോടെ മാരത്തൺ ഓടി പൂർത്തിയാക്കി ഒരു മുത്തശ്ശി- വിഡിയോ

January 19, 2023

ജീവിതം ആഘോഷമാക്കാനുള്ളതാണ്. അത് വീർപ്പുമുട്ടലുകളോടെ ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി തീർക്കാനുള്ളതല്ല. എന്നും ചുറുചുറുക്കോടെ ഇരിക്കാൻ എപ്പോഴും നിരവധി കാര്യങ്ങൾ ചെയ്യുന്നവർ നമുക്ക് ചുറ്റുമുണ്ട്. ഇപ്പോഴിതാ, അത്തരത്തിൽ അഭിനന്ദനാർഹമായ ഒരു പരിപാടിയിൽ പങ്കെടുത്ത് കൈയടി നേടുകയാണ് 80 വയസ്സുള്ള ഒരു സ്ത്രീ. ടാറ്റ മുംബൈ മാരത്തണിന്റെ പതിനെട്ടാമത് എഡിഷനിൽ 55,000 പേർക്കൊപ്പം ഇവർ തന്റെ പങ്കാളിത്തം കൊണ്ട് എല്ലാവരെയും പ്രചോദിപ്പിച്ചിരിക്കുകയാണ്. സാരിയും സ്‌നീക്കേഴ്‌സും ധരിച്ചാണ് ഇവർ മാരത്തണിൽ ഓടിയെത്തിയത്.

മുത്തശ്ശിയുടെ ചെറുമകൾ ഡിംപിൾ മേത്ത ഫെർണാണ്ടസ് മാരത്തണിൽ പങ്കെടുക്കുന്നതിന്റെ വിഡിയോ പങ്കുവെച്ചു. സാരിയും സ്‌നീക്കറും ധരിച്ച് സുഖമായി നടക്കുന്നതും ഓടുന്നതും വിഡിയോയിൽ കാണാം. അവൾ ഇന്ത്യൻ ത്രിവർണ്ണ പതാക കൈകളിൽ പിടിച്ചിരിക്കുന്നതും കാണാം. 51 മിനിറ്റുകൊണ്ട് അവർ 4.2 കിലോമീറ്റർ പിന്നിട്ടു. ഭാരതി എന്നാണ് ഈ മുത്തശ്ശിയുടെ പേര്. ‘ഈ ഞായറാഴ്‌ച ടാറ്റ മാരത്തൺ ഓടിയ 80 വയസ്സുള്ള നാനിയുടെ ഇച്ഛാശക്തിയിൽ നിന്നും ധൈര്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊള്ളൂ’- ചെറുമകൾ ഈ അടിക്കുറിപ്പോടെ വിഡിയോ പങ്കിട്ടു.

Read Also: കല്യാണത്തിന് എത്തിയ യുവാക്കൾ അതിസാഹസികമായി ഒരു നായയെ രക്ഷപ്പെടുത്തുന്ന കാഴ്ച്ച, ശേഷം നായയ്ക്ക് കല്യാണത്തിന് ക്ഷണവും-വിഡിയോ

പ്രായം തളർത്താത്ത കാഴ്ചകൾക്ക് എപ്പോഴും സ്വീകാര്യത കൂടുതലാണ്. പ്രായം വെറും നമ്പറാണ് എന്ന് ഒന്നുകൂടി ഉറപ്പിച്ച് ഒട്ടേറെ ആളുകൾ അവരുടെ വർധക്യകാലം ആഘോഷമാക്കുന്നത് ഇപ്പോൾ ഒരു പതിവ് കാഴ്ച്ചയായി മാറി. പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് പറയാറുണ്ട്. സ്വപ്‌നങ്ങൾ നേടിയെടുക്കാനും പുതിയ തുടക്കങ്ങൾക്കുമെല്ലാം പ്രായത്തിന്റെ ആകുലതകളിൽ പിന്നോട്ട് വലിയുന്നവരുണ്ട്. എന്നാൽ ഇതെല്ലം കാറ്റിൽ പറത്തി കയ്യടി നേടിയവരുമുണ്ട്. ചില ആളുകൾ അവരുടെ വാർദ്ധക്യത്തിൽ സാഹസിക വിനോദളിലാണ് ആനന്ദം കണ്ടെത്തുന്നത്. വിശ്രമിക്കേണ്ട പ്രായം എന്ന മുൻവിധിയെ ഇതിലൂടെ തകർക്കുകയാണ് അങ്ങനെയുള്ളവർ. ഒരു ബംഗാളി നാടോടി ഗാനത്തിന്റെ റീമിക്സ് പതിപ്പിൽ നൃത്തം ചെയ്യുന്ന അമേരിക്കൻ വംശജന്റെ വിഡിയോ അടുത്തിടെ വൈറലായിരുന്നു.

Story highlights- 80-year-old woman runs Mumbai marathon