കാടിന് നടുവിൽ കൗതുകമായി നൂറ്റാണ്ടുകൾ പഴക്കമുള്ള പാറക്കപ്പൽ- അസുക്കയിലെ വേറിട്ട കാഴ്ച

ജപ്പാനിലെ തകൈച്ചി ജില്ലയിലാണ് അസുക്ക ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചരിത്രപരമായ ഒട്ടേറെ ശേഷിപ്പുകൾ ഉള്ള ഒരു പുരാതന ദേശമാണ് അസുക്ക. പഴയ ടുമുലസ് കാലഘട്ടത്തിൽ (എ.ഡി 250-552) രൂപം കൊണ്ട സ്ഥലമാണിതെന്നാണ് വിശ്വസിക്കുന്നത്. ജാപ്പനീസ് ചരിത്രത്തിൽ ഈ യുഗത്തിന്റെ സവിശേഷത, അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഒരു പ്രത്യേക തരം ശ്മശാന കുന്നുകളാണ്.
കല്ലുകളിൽ കൊത്തിയുണ്ടാക്കിയ ശ്മശാനങ്ങളാണ് ഇവിടെ കാണാൻ സാധിക്കുക. പലതരത്തിലുള്ള ശവസംസ്കാര രീതികൾ കണ്ടിട്ടുണ്ടെങ്കിലും ഈ പ്രത്യേക രീതിയിൽ കൊത്തിയുണ്ടാക്കുന്ന പാറക്കല്ലുകൾ വേറിട്ടതാണ്. ഈ പ്രദേശത്ത് ഇങ്ങനെ കണ്ടെടുത്തതിൽ ഏറ്റവും വലുതും അസാധാരണവുമായത് മസൂദ-നോ-ഇവാഫൂൺ (‘മസൂദയുടെ പാറക്കപ്പൽ) ആണ്.
നൂറ്റാണ്ടുകൾക്ക് മുൻപ് ഈ പ്രദേശത്ത് ശില്പ വൈദഗ്ധ്യമുള്ള ഒരു സമൂഹം ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നാണ് ചരിത്രരേഖകളിൽ പറയുന്നത്. അങ്ങനെയുള്ള ഒരു ജനവിഭാഗം ഇല്ലാതെ ഇവിടെ ഇത്രയും വൈവിധ്യമാർന്ന ശവക്കല്ലറകൾ ഒരുക്കാൻ സാധിക്കില്ലെന്നത് ഉറപ്പാണ്. എങ്കിലും ഇന്നും മസൂദയുടെ പാറക്കപ്പൽ ദുരൂഹമായ കാഴ്ചയാണ്.
കാരണം, ഒറ്റനോട്ടത്തിൽ മുളങ്കാടുകൾക്ക് നടുവിൽ ഒരു പാറക്കപ്പൽ ഇരിക്കുന്നതായി മാത്രമേ തോന്നു. 11 മീറ്റർ നീളവും 8 മീറ്റർ വീതിയും 4.7 മീറ്റർ ഉയരവുമുണ്ട് ഈ നിർമ്മിതിക്ക്. ഏകദേശം 800 ടൺ ഭാരവും. മുകൾഭാഗം പൂർണ്ണമായും പരന്നുകിടക്കുന്നു, അതിൽ രണ്ട് മീറ്റർ അകാലത്തിൽ ചതുര ദ്വാരങ്ങൾ കൊത്തിവച്ചിട്ടുണ്ട്. രണ്ട് ദ്വാരങ്ങൾക്കും സമാന്തരമായി ഒരു റിഡ്ജ് ലൈനും ഉണ്ട്.
നിർഭാഗ്യവശാൽ, ഈ പാറകല്ലിന്റെ കൊത്തുപണിയെക്കുറിച്ചോ ആരാണ് തയ്യാറാക്കിയെന്നതിനെക്കുറിച്ചോ ആർക്കും ഉത്തരമില്ല. ഒരുപക്ഷേ ഏതെങ്കിലും തരത്തിലുള്ള മതപരമോ ആചാരപരമോ ആയ ആവശ്യങ്ങൾക്കായി ബുദ്ധ വിഭാഗത്തിലുള്ളവർ നിർമിച്ചതാകാം എന്ന അഭ്യൂഹങ്ങളുണ്ട്. എന്നിരുന്നാലും, മസൂദ നോ ഇവാഫൂൺ മറ്റേതെങ്കിലും ബുദ്ധ സ്മാരകത്തിന്റെ ശൈലിയോ നിർമ്മാണമോ പോലെയല്ല.
Read Also: മലയാളത്തിലെ മിന്നുംതാരങ്ങളുടെ കുട്ടിക്കാലമിങ്ങനെ- ശ്രദ്ധേയമായി ചിത്രങ്ങൾ
ഒരുകാലത്ത് സമീപത്തായി സ്ഥിതി ചെയ്തിരുന്ന മസൂദ തടാകത്തിന്റെ സ്മരണയ്ക്കായിട്ടാണ് ഈ കല്ല് കൊത്തിയതെന്ന് അഭിപ്രായമുണ്ട്. മറ്റൊരു ജനപ്രിയ സിദ്ധാന്തം, ഇത് ഒരു ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രമായി ഉപയോഗിച്ചു എന്നതാണ്.എന്നിരുന്നാലും ഇവയെല്ലാം ഊഹങ്ങൾ മാത്രമാണ്. ഇന്നും അജ്ഞാതമാണ് മനോഹരമായ പാറക്കപ്പലിന്റെ രഹസ്യം എന്താണെന്നത്.
Story highlights- asuka rock ship