വീണ്ടും കൊവിഡ് പിടിമുറുക്കുമ്പോൾ- വയോജനങ്ങളുടെ ആശുപത്രി സന്ദർശനത്തിൽ വേണം, അധിക കരുതൽ
വീണ്ടും വില്ലനാകുകയാണ് കൊവിഡ്. ഇന്ത്യയിലും പതിയെ കൊവിഡ് തലപൊക്കി തുടങ്ങി. അതിനാൽ, കൊവിഡ് കാലത്ത് ആശുപത്രി സന്ദർശനങ്ങളിൽ വളരെയധികം കരുതൽ ആവശ്യമുണ്ട്. എന്തെങ്കിലും അസുഖങ്ങളുമായി ചെന്ന് കൊവിഡുമായി തിരിച്ചെത്തേണ്ട അവസ്ഥ എല്ലാവരും ഒഴിവാക്കണം. കാരണം കൊവിഡ് പോലുള്ള സാംക്രമിക രോഗങ്ങൾ ഏറ്റവും എളുപ്പം പടർന്നുപിടിക്കാൻ സാധ്യതയുള്ള സ്ഥലമാണ് ആശുപത്രികൾ. നിസാര രോഗങ്ങൾക്ക് ആശുപത്രിയിലേക്ക് പോകാതിരിക്കുക എന്നതാണ് ഏറ്റവും ഉത്തമം.
എന്നാൽ, വയോജനങ്ങളിൽ സ്ഥിരമായി ചെക്കപ്പുകളും മറ്റ് ശാരീരിക പ്രശ്നങ്ങളുമായി ആശുപത്രിയിലേക്ക് പോകേണ്ടത് ആവശ്യമാണ്. പ്രായമായവരിലും രോഗസാധ്യത കൂടുതലായതുകൊണ്ട് അതീവ ജാഗ്രത വേണം. വയോജനകളുടെ ചികിത്സ കാര്യത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം.
ഡോക്ടറെ വീട്ടിൽ എത്തിച്ച് ചികിത്സ സാധ്യമാകുമോ എന്ന് ചിന്തിക്കണം. ഇപ്പോൾ അത്തരം സൗകര്യങ്ങൾ ഉള്ളതുകൊണ്ട് ഏറ്റവും അനുയോജ്യമായ മാർഗം അതുതന്നെയാണ്. ഡോക്ടർ വീട്ടിൽ എത്തുമ്പോൾ രോഗിക്കൊപ്പമുള്ളവരും നിർബന്ധമായും മാസ്‌കും, ഗ്ലൗസുകളുമൊക്കെ ഉപയോഗിക്കണം.
ലബോറട്ടറി പരിശോധന ആവശ്യമുള്ളവർ നേരത്തെ തന്നെ വിളിച്ച് സമയം തീരുമാനിക്കുകയും ക്യൂ ഒഴിവാക്കുകയും ചെയ്യണം. അതേപോലെ തന്നെ മുതിർന്ന ആളുകളെ ആശുപത്രിയിൽ കാണിക്കാൻ ചെല്ലുമ്പോൾ ആൾത്തിരക്കുള്ള സ്ഥലങ്ങളിലേക്ക് അവരെ ഉൾപ്പെടുത്താതിരിക്കാൻ ശ്രമിക്കുക.
ഇത്തരം സാഹചര്യങ്ങളിൽ കൂടെയുള്ളവർ രെജിസ്ട്രേഷനും മാറ്റ് കാര്യങ്ങൾക്കും പോകുമ്പോൾ അവരെ വാഹനത്തിലോ തിരക്കില്ലാത്ത സ്ഥലങ്ങളിലോ ഇരുത്താൻ ശ്രമിക്കണം. പ്രായമായവരിൽ അസുഖങ്ങൾ സ്ഥിരമാണ്. അതുകൊണ്ട് മരുന്നുകൾ വാങ്ങി സൂക്ഷിക്കുക.
അഥവാ, ആശുപത്രിയിൽ അഡ്മിറ്റാകേണ്ട സാഹചര്യത്തിൽ ഒന്നോ രണ്ടോ ആളുകൾ കൂടെ നിൽക്കുകയും, സന്ദർശകരെ ഒഴിവാക്കുകയും ചെയ്യുക. മറ്റൊന്ന്, ആശുപത്രിയിൽ പോയി വന്നാലുടൻ കുളിച്ച് വസ്ത്രം മാറേണ്ടതാണ്. ധരിച്ച വസ്ത്രം അപ്പോൾ തന്നെ കഴുകി വൃത്തിയാക്കുകയും വേണം.
Story highlights- caring for the elderly people during covid 19