‘പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം..’- അച്ഛനെ അനുകരിച്ച് ധ്യാൻ ശ്രീനിവാസൻ; വിഡിയോ

മലയാളികൾക്കിടയിൽ ഒട്ടേറെ ആരാധകരുള്ള താരമാണ് ധ്യാൻ ശ്രീനിവാസൻ. അഭിനേതാവായും സംവിധായകനായും ശ്രദ്ധനേടിയ ധ്യാൻ, അടുത്തിടെയായി അഭിമുഖങ്ങളിലെ രസകരമായ സംഭാഷണങ്ങളിലൂടെയാണ് കയ്യടി നേടിയത്. ഇപ്പോഴിതാ, സ്റ്റാർ മാജിക് വേദിയിലും ചിരിനിറയ്ക്കുകയാണ് ഇദ്ദേഹം. സഹോദരൻ വിനീത് ശ്രീനിവാസന്റെ പാട്ട് വേദിയിൽ ആലപിച്ച് കയ്യടി നേടിയിരുന്നു ധ്യാൻ. ഇപ്പോഴിതാ, അച്ഛനെ അനുകരിക്കുകയാണ് താരം.
അച്ഛൻ ശ്രീനിവാസൻ അഭിനയിച്ച ‘പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം..’ എന്ന ഗാനത്തിലെ അദ്ദേഹത്തിന്റെ മാനറിസങ്ങൾ ബിനു അടിമാലിയുടെ സഹായത്തോടെയാണ് ധ്യാൻ ശ്രീനിവാസൻ അനുകരിക്കുന്നത്. വളരെ രസകരമാണ് ധ്യാനിന്റെ പ്രകടനം കാണാൻ. പാട്ടിനൊപ്പം അഭിനയത്തിലും സംവിധാനത്തിലുമെല്ലാം കയ്യൊപ്പ് പതിപ്പിച്ച ആളാണ് വിനീത് ശ്രീനിവാസൻ. ചേട്ടനെപോലെ അഭിനയത്തിൽ താരമായെങ്കിലും പാട്ടിലും കേമനാണ് ധ്യാൻ ശ്രീനിവാസൻ എന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്. സ്റ്റാർ മാജിക്കിലൂടെ ആ കഴിവും താരം പുറത്തെടുത്തു.
ധ്യാൻ ശ്രീനിവാസൻ അടുത്തതായി നവാഗതരായ ഉണ്ണി വെള്ളോറയും വിജേഷ് പാണത്തൂരും സംവിധാനം ചെയ്യുന്ന ഒരു സാമൂഹിക-രാഷ്ട്രീയ ചിത്രമായ ‘നദികളിൽ സുന്ദരി യമുന’യുടെ ചിത്രീകരണത്തിലാണ്. ജയിലർ, ത്രയം, വീകം, നദികളിൽ സുന്ദരി യമുന, ചീനാട്രോഫി, ഖാലി പേഴ്സ് ഓഫ് ബില്യനയേഴ്സ്, കടവുൾ സകയം നടന സഭ തുടങ്ങി നിരവധി പ്രൊജക്ടുകൾ ധ്യാൻ നായകനായി എത്തുന്നുണ്ട്. വീകം എന്ന സിനിമയിലാണ് ധ്യാൻ ഏറ്റവും ഒടുവിൽ വേഷമിട്ടത്.
എഞ്ചിനീയറിംഗ് പഠനം അവസാനിപ്പിച്ച് വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിച്ച ധ്യാൻ, ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തപ്പോൾ സഹോദരൻ വിനീത് ശ്രീനിവാസൻ 2013-ൽ തന്റെ തിര എന്ന സിനിമയിൽ അദ്ദേഹത്തെ കാസ്റ്റ് ചെയ്യുകയായിരുന്നു. കുഞ്ഞിരാമായണം , അടി കപ്യാരെ കൂട്ടമണി , തുടങ്ങി നിരവധി സിനിമകളിൽ ധ്യാൻപ്രത്യക്ഷപ്പെട്ടു. ഒരേ മുഖം , ഗൂഡാലോചന എന്നീ സിനിമകളിലും നടൻ വേഷമിട്ടു. അതേസമയം, ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തു ധ്യാൻ ശ്രീനിവാസൻ.
Story highlights- dhyan sreenivasan imitates sreenivasan