പ്രകടനം കൊണ്ട് വിസ്മയിപ്പിച്ച് ഗിരീഷ് കുൽക്കർണി; ‘തങ്ക’ത്തിലെ മറാത്തി താരം

January 29, 2023

ഭാവന സ്റ്റുഡിയോസിന്‍റെ ‘തങ്കം’ സിനിമാ പ്രേമികൾ ഏറ്റെടുത്തിരിക്കുകയാണ്. സിനിമയെ കുറിച്ച് സോഷ്യൽ മീഡിയയിലടക്കം ചൂടുപിടിച്ച ചർച്ചകളാണ് നടക്കുന്നത്. സിനിമയിലെ സർപ്രൈസ് താരം മറാത്തി നടൻ ഗിരീഷ് കുൽക്കർണി തന്നെയാണ് എന്നാണ് സിനിമ കണ്ടിറങ്ങുന്ന പലരും ഒരേ സ്വരത്തിൽ പറയുന്നത്. ആദ്യ മലയാള സിനിമയായിട്ട് കൂടി തങ്കത്തിൽ ഞെട്ടിക്കുന്ന പ്രകടനമാണ് അദ്ദേഹം നടത്തിയിരിക്കുന്നതെന്ന് പലരും പറയുന്നുണ്ട്.

ചിത്രത്തിൽ ജയന്ത് സഖൽക്ക‍‍ർ എന്ന പോലീസ് ഓഫീസറായി പ്രകടനം കൊണ്ട് വിസ്മയിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. ചില ഹിന്ദി, മറാത്തി ചിത്രങ്ങളിലും സേക്രഡ് ഗെയിംസ് അടക്കമുള്ള വെബ് സിരീസുകളിലും കണ്ട് പരിചയമുള്ള ഇദ്ദേഹം ക്ലാസ് അഭിനയ മുഹൂർത്തങ്ങളാണ് ‘തങ്ക’ത്തിൽ കാഴ്ചവെച്ചിരിക്കുന്നത്.

മലയാളികള്‍ ഉള്‍പ്പെട്ട ഒരു കേസ് തമിഴ്നാട്ടില്‍ അന്വേഷിക്കാനായെത്തുന്ന മഹാരാഷ്ട്ര പൊലീസിലെ ഒരു ഉദ്യേഗസ്ഥനാണ് അദ്ദേഹത്തിന്‍റെ കഥാപാത്രം. പ്രൊസിജ്യുറല്‍ ഡ്രാമ വിഭാഗത്തില്‍ പെടുത്താവുന്ന സിനിമ ഒരു ഘട്ടം കഴിഞ്ഞാല്‍ അദ്ദേഹത്തിന്‍റെ കഥാപാത്രത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഏറെ ആഴമുള്ള ദുരൂഹത നിഴലിക്കുന്ന പല അടരുകളുള്ള സിനിമയുടെ കഥയിൽ നിര്‍ണ്ണായക വേഷമാണ് ഇദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. സമാനതകളില്ലാത്ത പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത്. കുറ്റാന്വേഷണ രംഗങ്ങളിൽ ഒരു മാസ് ഡയലോഗോ ക്യാമറ ഗിമ്മിക്കുകളോ ഇല്ലാതെ ഏറ്റവും ലളിതമായി ഏറെ തീവ്രമായി പ്രേക്ഷകരെ കൂടി തന്നോടൊപ്പം കൊണ്ടുപോകും വിധമാണ് പ്രകടനം. അദ്ദേഹത്തിന്‍റെ മാനറിസങ്ങളും ഡയലോഗ് ഡെലിവറിയും ചടുലമായ ചലനങ്ങളുമൊക്കെ എടുത്തു പറയേണ്ടതാണ്. വാക്കിലും നോക്കിലും ഒരു ഇരുത്തം വന്ന പോലീസ് ഓഫീസറുടെ കുശാഗ്രബുദ്ധി പ്രേക്ഷകർക്ക് ഫീൽ ചെയ്യിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്.

ബോളിവുഡ് ചിത്രമായ ‘ദംഗല്‍’, ‘അഗ്ലി’, വെബ് സീരീസുകളായ ആയ ‘സേക്രഡ് ഗെയിമ്സ്’, ഫയര്‍ബ്രാൻഡ് എന്നിവയിലൂടെ ശ്രദ്ധേയനായ ഗിരീഷ് കുൽക്കർണി മ​റാ​ത്തി​യിലെ ശ്രദ്ധേയ ​ന​ട​നും​ ​ദേ​ശീ​യ​ ​പു​ര​സ്കാ​ര​ ​ജേ​താ​വുമാണ്.​ 2011​ൽ​ ​’ഡ്യൂ​ൾ’​ ​എ​ന്ന​ ​മ​റാ​ത്തി​ ​സി​നി​മ​യി​ലെ​ ​അ​ഭി​ന​യ​ത്തി​ന് ​മി​ക​ച്ച​ ​ന​ട​നു​ള്ള​ ​ദേ​ശീ​യ​ ​പു​ര​സ്കാ​രവും ​അ​തേ​വ​ർ​ഷം​ ​ത​ന്നെ​ ​’ഡ്യൂ​ൾ’​ ലൂ​ടെ​ ​മി​ക​ച്ച​ ​തി​ര​ക്ക​ഥാ​കൃ​ത്തി​നു​ള്ള​ ​ദേ​ശീ​യ​ ​പു​ര​സ്കാ​ര​വും അദ്ദേഹത്തിന്​ ​ലഭിച്ചിട്ടുണ്ട്. മറാത്തി, ഹിന്ദി ഭാഷകളിൽ ഇരുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം ആറോളം സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുള്ളയാളാണ്.

Read More: ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’; കോഴിക്കോട്ടേക്കെത്തുന്നത് മലയാള സ്വതന്ത്ര സംഗീത ലോകത്ത് വിസ്‌മയം തീർത്തവർ

ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ശ്യാം പുഷ്കരന്‍റെ തിരക്കഥയിൽ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത ‘തങ്കം’ സിനിമയിൽ ബിജു മേനോനും വിനീത് ശ്രീനിവാസനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിലുള്ളത്. ജനുവരി 26 ന് റിലീസായ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story Highlights: Gireesh kulkarni receives huge acclaim for his acting in thangam