എല്ലാം മറന്നാലും സംഗീതം നിലനിൽക്കും; മറവി രോഗം ബാധിച്ച മുത്തശ്ശി കൊച്ചു മകന് താരാട്ട് പാടുന്ന ഹൃദ്യ നിമിഷം-വിഡിയോ
ഫോണിൽ ഏറെ സമയം ചിലവഴിക്കുന്നത് കൊണ്ട് തന്നെ മനസ്സിന് സന്തോഷം നൽകുന്ന ഹൃദ്യമായ വിഡിയോകളാണ് ആളുകൾ സമൂഹമാധ്യമങ്ങളിൽ കാണാനും പങ്കുവെയ്ക്കാനും ആഗ്രഹിക്കുന്നത്. മനസ്സിന് തണുപ്പ് പകരുന്ന ഇത്തരം നിരവധി വിഡിയോകളാണ് ഓരോ ദിവസവും സമൂഹമാധ്യങ്ങളിൽ വൈറലാവുന്നത്.
ഇപ്പോൾ മറവി രോഗം ബാധിച്ച ഒരു മുത്തശ്ശി തന്റെ കൊച്ചു മകളുടെ മകന് താരാട്ട് പാട്ട് പാടി കൊടുക്കുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ആളുകളുടെ മനസ്സ് കവരുന്നത്. ഡിമൻഷ്യ ബാധിച്ച ഈ വലിയ മുത്തശ്ശി തന്റെ മക്കൾക്കും കൊച്ചു മക്കൾക്കും പാടി കൊടുത്ത അതേ ഗാനമാണ് ഈ കുഞ്ഞു മോനും പാടി കൊടുക്കുന്നത്. എല്ലാം മറന്ന് തുടങ്ങുമ്പോഴും സംഗീതം നിലനിൽക്കുന്നു.
“ഈ രാത്രി അവരെ ഒരുപാട് സന്തോഷവതിയാക്കി. എല്ലാം നഷ്ടപ്പെടുമ്പോഴും മനസ്സിൽ സംഗീതം നിലനിൽക്കുന്നത് അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഓർമ്മകളെ നിലനിർത്താനും സ്വയം സുഖപ്പെടാനും സംഗീതം വലിയ പങ്ക് വഹിക്കുന്നുണ്ട്”- വിഡിയോ പങ്കുവെച്ചു കൊണ്ട് മുത്തശ്ശിയുടെ കൊച്ചു മകൾ കുറിച്ചു. ഗുഡ് ന്യൂസ് എന്റർടൈൻമെന്റിന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന ഈ വിഡിയോ ഒന്നര ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ കണ്ടിട്ടുണ്ട്.
അതേ സമയം അൽസ്ഹൈമേഴ്സ് ബാധിച്ച ഒരു മുതിർന്ന വനിതയുടെയും അവരെ പരിചരിക്കുന്ന ഭർത്താവിന്റെയും വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ നൊമ്പരമായി മാറിയിരുന്നു. ഇരുവരുടെയും കല്യാണ ഫോട്ടോ സ്വന്തം ടീ-ഷർട്ടിൽ പതിച്ചിരിക്കുകയാണ് സ്ത്രീയുടെ ഭർത്താവ്. ഫോട്ടോയിൽ ഭർത്താവിനെ മനസ്സിലാകുന്നുവെങ്കിലും തന്നെ തിരിച്ചറിയാൻ യുവതിക്ക് കഴിയുന്നില്ല. ഇതോടെ അത് താൻ തന്നെയാണെന്ന് സ്ത്രീയോട് ഭർത്താവും ദൃശ്യം പകർത്തിയ ആളും പറയുന്നു. അതിന് ശേഷം വലിയ സ്നേഹത്തോടെ ഭർത്താവിനെ ആലിംഗനം ചെയ്യുകയാണ് അവർ. ഏറെ നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ച്ചയാണിത്.
Story Highlights: Great grandmother with dementia sings a lullaby to little kid