സച്ചിനോ കോലിയോ; മികച്ച താരമാരാണെന്ന ചോദ്യത്തിന് മറുപടി പറഞ്ഞ് കപിൽ ദേവ്

January 23, 2023

ലോക ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച താരമാണ് സച്ചിൻ ടെണ്ടുൽക്കർ. സമാനതകളില്ലാത്ത നേട്ടങ്ങളാണ് സച്ചിൻ ഇന്ത്യയ്ക്ക് വേണ്ടി സ്വന്തമാക്കിയിട്ടുള്ളത്. ഒരു സമയത്ത് ഇന്ത്യൻ ക്രിക്കറ്റെന്നാൽ സച്ചിനായിരുന്നു. ‘ക്രിക്കറ്റിന്റെ ദൈവം’ എന്നറിയപ്പെട്ടിരുന്ന സച്ചിന് ലോകമെങ്ങും ഇപ്പോഴും വലിയ ആരാധകവൃന്ദമാണുള്ളത്.

ഇന്ത്യൻ ക്രിക്കറ്റിൽ സച്ചിന്റെ പിന്മുറക്കാരനായി അറിയപ്പെടുന്ന താരമാണ് വിരാട് കോലി. ബാറ്റിങ്ങിൽ സച്ചിനെ പോലെ എക്കാലത്തെയും മികച്ച താരമായി മാറിക്കൊണ്ടിരിക്കുകയാണ് കോലി. സച്ചിന്റെ മിക്ക റെക്കോർഡുകളും കോലി സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്. ഇതോടെ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരം മെസിയോ റൊണാൾഡോയോ എന്ന ചോദ്യം പോലെ തന്നെ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരം സച്ചിനാണോ കോലിയാണോ എന്ന ചർച്ച വീണ്ടും ചൂട് പിടിക്കുകയാണ്.

ഇപ്പോൾ ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ഇതിഹാസ താരം കപിൽ ദേവ്. 24 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിൽ നിരവധി റെക്കോർഡുകളാണ് മാസ്റ്റർ ബ്ലാസ്റ്റർ സ്വന്തമാക്കിയത്. ഒന്നിന് പിറകെ ഒന്നായി നിരവധി റെക്കോഡുകൾ തകർത്ത് കോലിയും അദ്ദേഹത്തിന്റെ പാത പിന്തുടരുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ രണ്ട് വ്യത്യസ്ത തലമുറകളിലെ കളിക്കാരെ താരതമ്യം ചെയ്യരുതെന്ന് കപിൽ ദേവ് പറഞ്ഞു.

Read More: “കുട്ടിയാണ്, ഒന്നും ചെയ്യരുത്..”; കെട്ടിപ്പിടിക്കാൻ മൈതാനത്തേക്ക് ഓടിയെത്തിയ കുട്ടി ആരാധകനോടുള്ള രോഹിത്തിന്റെ ഹൃദ്യമായ പ്രതികരണം

“11 പേരടങ്ങുന്ന ടീമാണിത്. എനിക്ക് എന്റേതായ ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ ഉണ്ടാകാം. എന്നാൽ ഓരോ തലമുറയും കാലത്തിനനുസരിച്ച് മെച്ചപ്പെടുന്നു. നമ്മുടെ കാലത്തെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്നു സുനിൽ ഗവാസ്‌കർ. അതിനു ശേഷം രാഹുൽ ദ്രാവിഡിനെയും സച്ചിനെയും വീരേന്ദർ സെവാഗിനെയും കണ്ടു, ഇപ്പോൾ രോഹിതിനെയും വിരാട് കോലിയെയും കാണുന്നു. മാത്രമല്ല, വരും തലമുറ നന്നാവുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ക്രിക്കറ്റ് താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കാണാം”- ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ കപിൽ ദേവ് തുറന്ന് പറഞ്ഞു.

Story Highlights: Greatest cricker player of all time according to kapil dev