എല്ലാം റൊണാൾഡോ ഇഫക്ട്; വെറും 8 ലക്ഷത്തിൽ നിന്ന് ഒന്നര കോടിയിലേക്കടുത്ത് അൽ-നസ്റിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ്
ലോകത്തെ എക്കാലത്തെയും മികച്ച ഫുട്‌ബോൾ കളിക്കാരിലൊരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി സൗദിയിൽ പന്ത് തട്ടും. വമ്പൻ വരവേൽപ്പാണ് സൗദി ക്ലബ് അല്‍- നസ്ര്‍ എഫ്‌സി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കായി ഒരുക്കിയത്. ആയിരക്കണക്കിന് ആരാധകരാണ് ടീമിന്റെ ഹോം ഗ്രൗണ്ടായ മ്‌റസൂല്‍ പാര്‍ക്കില്‍ താരത്തെ കാണാനായി എത്തിയത്. ടീമിന്റെ ജേഴ്‌സിയിൽ കുടുംബത്തോടൊപ്പം ഗ്രൗണ്ടിലെത്തിയ താരം രാത്രി നടന്ന പരിശീലന സെഷനിലും പങ്കെടുത്തു.
റൊണാൾഡോ അൽ-നസ്റിലെത്തിയതോടെ ടീമിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം കുത്തനെ ഉയർന്നിരിക്കുകയാണ്. വെറും 8 ലക്ഷം ഫോളോവേഴ്‌സ് മാത്രം ഉണ്ടായിരുന്ന ടീമിനെ ഇപ്പോൾ ഒന്നരക്കോടിക്കടുത്ത് ആളുകളാണ് ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. ടീമിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഇപ്പോൾ ഡൗൺ ആയിരിക്കുകയാണ്.
അതേ സമയം നേരത്തെ സൗദിയിലെ ആരാധകരെ അഭിവാദ്യം ചെയ്‌ത് റൊണാൾഡോ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായി മാറിയിരുന്നു. യൂറോപ്പിലെ തന്റെ ദൗത്യം പൂർത്തിയായിയെന്നും ഇനി ഏഷ്യയാണ് തട്ടകമെന്നുമാണ് താരം പറഞ്ഞത്. ടീമിനായി തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കുമെന്ന് പറഞ്ഞ താരം ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുകയും ചെയ്‌തു.
പരസ്യയിനത്തിലടക്കം 200 മില്യൺ ഡോളർ വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് ക്രിസ്റ്റ്യാനോയുടെ കരാർ. ജനുവരി 21 ന് മ്‌റസൂല്‍ പാര്‍ക്കില്‍ അൽ-ഇത്തിഫാഖ് ക്ലബിനെതിരെ നടക്കുന്ന കളിയിൽ ക്ലബിനുവേണ്ടി റൊണാൾഡോ കളത്തിലിറങ്ങും. ആദ്യത്തെ രണ്ട് വർഷം ക്രിസ്റ്റ്യാനോ ക്ലബിൽ കളിക്കുമെന്നും അതിന് ശേഷം സൗദിയുടെ ഫുട്‌ബോൾ അംബാസഡറായി പ്രവർത്തിക്കുമെന്നുമാണ് സൂചന. 2030 ൽ ലോകകപ്പിന് വേദിയാവാൻ സൗദി അറേബ്യ ശ്രമിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോയുടെ വരവ് ഈ ശ്രമങ്ങൾക്ക് വലിയ ഊർജ്ജം പകരുമെന്നാണ് സൗദി കരുതുന്നത്.
Story Highlights: Huge increase in Al Nassr instagram followers