തകർന്നടിഞ്ഞ് ന്യൂസിലൻഡ്; ഇന്ത്യയ്ക്ക് 109 റൺസ് വിജയലക്ഷ്യം

January 21, 2023

പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് വമ്പൻ ബാറ്റിംഗ് തകർച്ചയാണ് നേരിട്ടത്. 34.3 ഓവറിൽ 108 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു കിവീസ്. മുഹമ്മദ് ഷമിയും ഹർദിക് പാണ്ഡ്യയും മുഹമ്മദ് സിറാജും ന്യൂസിലൻഡിനെ എറിഞ്ഞിടുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകൾ പിഴുതപ്പോൾ ഹർദിക് പാണ്ഡ്യ രണ്ടും മുഹമ്മദ് സിറാജ്, ഷർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, വാഷിംഗ്‌ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

10 ഓവർ പൂർത്തിയായപ്പോൾ തന്നെ കീവീസിന്റെ 5 വിക്കറ്റുകൾ നഷ്‌ടമായിരുന്നു. ഷമി എറിഞ്ഞ ആദ്യ ഓവറിൽ തന്നെ കിവിപ്പടയുടെ കയ്യിൽ നിന്ന് മത്സരം നഷ്ടപ്പെട്ടു. ആദ്യ ഓവറിലെ അഞ്ചാമത്തെ പന്തിൽ ഫിൻ അലൻ പുറത്താകുമ്പോൾ സ്കോർ ബോർഡിൽ ഒരു റൺ പോലും ചേർക്കാൻ ന്യൂസിലൻഡിനു കഴിഞ്ഞിരുന്നില്ല. അഞ്ചാമത്തെ ഓവറിൽ സിറാജിന്റെ പന്ത് ശുഭ്മാൻ ഗില്ലിന്റെ കയ്യിലെക്കെത്തിച്ച് നിക്കോളസ് പുറത്താകുമ്പോൾ ന്യൂസിലൻഡ് നേടിയത് 8 റൺസ് മാത്രം. തൊട്ടടുത്ത ഓവറിൽ മിച്ചലിനെയും ഒൻപതാം ഓവറിൽ കോൺവെയെയും നഷ്ടപ്പെട്ടതോടെ കിവിപ്പടയുടെ മുന്നേറ്റ നിര തകർന്നടിഞ്ഞു. ന്യൂസിലൻഡ് ക്യാപ്റ്റൻ ടോം ലതമിനെ പത്താം ഓവറിൽ ഷർദുൽ ഠാക്കൂർ പുറത്താക്കി. ന്യൂസിലാൻഡ് നിരയിൽ അൽപ്പമെങ്കിലും പിടിച്ചു നിൽക്കാൻ സാധിച്ചത് ഗ്ലെൻ ഫിലിപ്സിനും ബ്രേസ്‌വെല്ലിനും മാത്രമാണ്.

Read More: “സംസാരിച്ച് നിൽക്കാൻ സമയമില്ല, എനിക്ക് വീട്ടിൽ പോണം..”; വേദിയിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി മേധക്കുട്ടി

മറുപടി ബാറ്റിങ്ങിറങ്ങിയ ഇന്ത്യ 2 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 5 റൺസ് എടുത്തിട്ടുണ്ട്. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം മറ്റൊരു അപൂർവ നിമിഷത്തിന് കൂടി സാക്ഷിയായിരിക്കുകയാണ്. ഇരട്ട സെഞ്ചുറികൾ നേടിയിട്ടുള്ള രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ എന്നിവർ ഇന്നത്തെ മത്സരത്തിനിറങ്ങിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ ഇതാദ്യമായാണ് ഒരു ടീമിൽ ഡബിൾ സെഞ്ചുറി നേടുന്ന 3 ബാറ്റ്സ്മാൻമാർ ഒരുമിച്ച് കളിക്കുന്നത്.

Story Highlights: India need 109 runs to win