ജയിച്ചാൽ ഒന്നാമത്; ഇന്ത്യ-ന്യൂസിലൻഡ് അവസാന ഏകദിനം ഇന്ന് ഇൻഡോറിൽ

January 24, 2023

ഇന്ത്യ-ന്യൂസിലൻഡ് പരമ്പരയിലെ അവസാന മത്സരം ഇന്ന് ഇൻഡോറിൽ നടക്കും. ഉച്ചയ്ക്ക് 1.30 ക്കാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചാൽ ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്താം. നിലവിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ് ഉള്ളത്. ഒപ്പം ടി 20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തും ടെസ്റ്റിൽ രണ്ടാം സ്ഥാനത്തും തുടരുകയാണ്.

ടെസ്റ്റ് പരമ്പരയില്‍ ഇടംപിടിച്ച ചില താരങ്ങള്‍ക്ക് ഇന്ത്യ ഇന്ന് വിശ്രമം അനുവദിക്കുകയാണ്. ബോളിംഗ് നിരയില്‍ ഉമ്രാന്‍ മാലിക്ക്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരും ഓള്‍റൗണ്ടറായി ഷഹബാസ് അഹമ്മദും പുതുമുഖ ബാറ്റര്‍ രജത് പടിദാറും അവസാന ഇലവനിലേക്കു വന്നേക്കും.

അതേ സമയം കഴിഞ്ഞ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. 109 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ടീം ഇന്ത്യ 20.1 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് കളി ജയിച്ചത്. 51 റൺസെടുത്ത നായകൻ രോഹിത് ശർമ്മയുടെ ഇന്നിംഗ്‌സാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. 40 റൺസെടുത്ത ശുഭ്മാന്‍ ഗില്ലും രോഹിതിന് മികച്ച പിന്തുണ നൽകി.

മത്സരത്തിൽ ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് വമ്പൻ ബാറ്റിംഗ് തകർച്ചയാണ് നേരിട്ടത്. 34.3 ഓവറിൽ 108 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു കിവീസ്. മുഹമ്മദ് ഷമിയും ഹർദിക് പാണ്ഡ്യയും മുഹമ്മദ് സിറാജും ന്യൂസിലൻഡിനെ എറിഞ്ഞിടുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകൾ പിഴുതപ്പോൾ ഹർദിക് പാണ്ഡ്യ രണ്ടും മുഹമ്മദ് സിറാജ്, ഷർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, വാഷിംഗ്‌ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Read More: ‘വിമർശകർ എവിടെ’; റൊണാൾഡോയെ പുകഴ്ത്തി വിരാട് കോലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങൾക്കായാണ് ന്യൂസിലൻഡ് ഇന്ത്യയിലെത്തിയത്. ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് ഇന്ന് നടക്കുന്നത്. ഈ മാസം 27, 29, ഫെബ്രുവരി 1 തീയതികളിൽ റാഞ്ചി, ലക്നൗ, അഹമ്മദാബാദ് എന്നീ വേദികളിൽ ടി-20 മത്സരങ്ങളും നടക്കും. കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.

Story Highlights: India vs new zealand third odi