തകർപ്പൻ വിജയവുമായി ഇന്ത്യ; പൊരുതിത്തോറ്റ് കീവീസ്

January 18, 2023

അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ മികച്ച വിജയം നേടി ഇന്ത്യ. വമ്പൻ പോരാട്ടവീര്യം കാഴ്ച്ചവെച്ച കീവീസിനെതിരെ 12 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. 78 പന്തുകളിൽ നിന്ന് 140 റൺസ് അടിച്ചുകൂട്ടിയ മൈക്കിൾ ബ്രേസ്‌വെൽ ഒരു ഘട്ടത്തിൽ ന്യൂസിലൻഡിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. ഇന്ത്യ ഉയർത്തിയ 350 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലൻഡ് 337 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.

അതേ സമയം ഡബിൾ സെഞ്ചുറി നേടിയ ശുഭ്മൻ ഗില്ലിന്റെ തകർപ്പൻ പ്രകടനത്തിന്റെ മികവിലാണ് ന്യൂസിലൻഡിനെതിരെ ഇന്ത്യ കൂറ്റൻ സ്‌കോർ നേടിയത്. നിശ്ചിത ഓവർ പൂർത്തിയായപ്പോൾ 8 വിക്കറ്റ് നഷ്‌ടത്തിൽ 349 റൺസാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. 149 പന്തിൽ നിന്നാണ് ഗിൽ 208 റൺസ് നേടിയത്. ഹൈദരാബാദ് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലെ ആരാധകരെ ആവേശത്തിലാക്കിയാണ് ഗിൽ ഡബിൾ സെഞ്ചുറി നേടിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഗിൽ ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഗിൽ സെഞ്ചുറി നേടിയിരുന്നു.

ഇന്നത്തെ മത്സരത്തിലെ പ്രകടനത്തോടെ അതിവേഗം 1000 റൺസ് നേടുന്ന ബാറ്ററെന്ന റെക്കോർഡും ഗിൽ സ്വന്തമാക്കി. 19 ഇന്നിങ്‌സുകളിൽ നിന്നാണ് ശുഭ്മൻ ഗിൽ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്‌റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തിൽ സെഞ്ചുറി നേട്ടത്തോടെ ടീമിന്റെ വിജയത്തിന് ചുക്കാൻ പിടിച്ച വിരാട് കോലി പക്ഷെ ഇന്ന് നിരാശപ്പെടുത്തി. 10 പന്തിൽ നിന്ന് വെറും 8 റൺസ് മാത്രമാണ് മുൻ ഇന്ത്യൻ നായകന് നേടാനായത്.

Read More: “സംസാരിച്ച് നിൽക്കാൻ സമയമില്ല, എനിക്ക് വീട്ടിൽ പോണം..”; വേദിയിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി മേധക്കുട്ടി

അതേ സമയം ന്യൂസിലൻഡിനെതിരെ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹാർദിക് പാണ്ഡ്യ, ഷാർദുൽ താക്കൂർ എന്നിവർ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തിയിരുന്നു. സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവരും ടീമിൽ ഇടം പിടിച്ചു. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് ന്യൂസിലൻഡ് ഇന്ത്യയിൽ കളിക്കുക. ഈ മാസം 21, 24 തീയതികളിൽ റായ്പൂർ, ഇൻഡോർ എന്നീ വേദികളിൽ അടുത്ത രണ്ട് ഏകദിനങ്ങളും ഈ മാസം 27, 29, ഫെബ്രുവരി 1 തീയതികളിൽ റാഞ്ചി, ലക്നൗ, അഹമ്മദാബാദ് എന്നീ വേദികളിൽ ടി-20 മത്സരങ്ങളും നടക്കും.

Story Highlights: India won by 12 runs against new zealand