‘ശേഷം മൈക്കിൽ ഫാത്തിമ’; തല്ലുമാലയ്ക്ക് ശേഷം കല്യാണി പ്രിയദർശന്റെ പുതിയ ചിത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് ടൊവിനോ

January 13, 2023

സൂപ്പർ ഹിറ്റായ തല്ലുമാലയ്ക്ക് ശേഷം കല്യാണി പ്രിയദർശൻ അഭിനയിക്കുന്ന ചിത്രമാണ് ‘ശേഷം മൈക്കിൽ ഫാത്തിമ.’ മലബാറിലെ ഫുട്‌ബോളിനെ ഏറെ സ്നേഹിക്കുന്ന ഒരു നാട്ടിലെ വനിത അനൗൺസറായാണ് കല്യാണി ചിത്രത്തിൽ അഭിനയിക്കുന്നത്. മനു.സി.കുമാറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്. നടൻ ടൊവിനോ തോമസാണ് സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റർ റിലീസ് ചെയ്‌തിരിക്കുന്നത്‌. കല്യാണി പ്രിയദർശനും ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും ആശംസകൾ നേർന്ന് കൊണ്ടാണ് ടൊവിനോ പോസ്റ്റർ പങ്കുവെച്ചത്. ഹിഷാം അബ്ദുൾ വഹാബാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

അതേ സമയം മലയാള സിനിമയ്ക്ക് തീർത്തും പുതുമയുള്ള ഒരു കഥാപശ്ചാത്തലവും കഥപറച്ചിൽ രീതിയുമായി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് ‘തല്ലുമാല.’ ആക്ഷൻ രംഗങ്ങളായിരുന്നു തല്ലുമാലയുടെ ഏറ്റവും വലിയ പ്രത്യേകത. ആദ്യ ഷോ മുതൽ വലിയ ജനത്തിരക്കാണ് സിനിമയ്ക്കുണ്ടായിരുന്നത്. പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്. തിയേറ്ററുകൾ വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് പ്രേക്ഷകരെ തിരികെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നതിൽ ചിത്രം വലിയ പങ്ക് വഹിച്ചിരുന്നു.

Read More: ‘ലഹരിയാണ് ഈ ഗാനം..’- ഹിറ്റ് ഗാനത്തിന് ഭാവംപകർന്ന് അഹാന കൃഷ്ണ

മലയാള സിനിമ ഇത് വരെ കണ്ട് പരിചയിച്ചിട്ടില്ലാത്ത പ്രമേയവും ദൃശ്യഭംഗിയുമാണ് ഓഗസ്റ്റ് 12 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിലുണ്ടായിരുന്നത്. മാസ്സ് ആക്ഷൻ രംഗങ്ങൾക്കൊപ്പം കോമഡിക്കും വലിയ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങിയത്. മണവാളൻ വസീം എന്ന കഥാപാത്രത്തെ ടൊവിനോ അവതരിപ്പിച്ചപ്പോൾ വ്‌ളോഗറായ ബീപാത്തു എന്ന കഥാപാത്രമായാണ് കല്യാണി ചിത്രത്തിലെത്തിയത്.. സമൂഹമാധ്യമങ്ങളിൽ വലിയ ആരാധക വൃന്ദമുള്ള യുവതലമുറയുടെ കഥയാണ് തല്ലുമാല. വ്യത്യസ്‌തനായ ഒരു പോലീസ് ഓഫീസറെ അവതരിപ്പിക്കുന്ന ഷൈൻ ടോം ചാക്കോയും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവെച്ചത്.

Story Highlights: Kalyani priyadarshan movie first look poster released by tovino