ആൺകുഞ്ഞാണെങ്കിൽ ലയണൽ, പെൺകുഞ്ഞാണെങ്കിൽ ലയണെല; മെസിയുടെ ജന്മനാട്ടിൽ കുഞ്ഞുങ്ങൾക്ക് താരത്തിന്റെ പേരിടാൻ മത്സരം
ലോകകപ്പ് കഴിഞ്ഞിട്ട് മൂന്നാഴ്ച്ചയോളം ആവുന്നുവെങ്കിലും ഇപ്പോഴും മെസി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ലയണൽ മെസിയുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് അർജന്റീന ഇത്തവണത്തെ ലോക കിരീടത്തിൽ മുത്തമിട്ടത്. മെസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഫുട്ബോൾ കരിയറിന് പൂർണത നൽകിയ നിമിഷമായിരുന്നു ലോകകപ്പ് കിരീട നേട്ടം. നായകനായി മുൻപിൽ നിന്ന് ടീമിനെ നയിച്ചതിനൊപ്പം ലോകകപ്പിലെ ഏറ്റവും മികച്ച താരമായും മെസി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ രീതിയിലും സമ്പൂർണമായി മെസിക്കവകാശപ്പെട്ട ലോകകപ്പായിരുന്നു ഖത്തറിലേത്.
ഇപ്പോൾ മെസിയുടെ ജന്മനാട്ടിൽ നിന്നുള്ള രസകരമായ ഒരു വാർത്തയാണ് ശ്രദ്ധേയമാവുന്നത്. മെസിയുടെ ജന്മസ്ഥലമായ റൊസാരിയോ ഉൾപ്പെടുന്ന പ്രവിശ്യയാണ് സാന്ത ഫെ. ഇവിടെ ഡിസംബറിൽ ജനിച്ച കുഞ്ഞുങ്ങളിൽ എഴുപതിൽ ഒന്ന് എന്ന കണക്കിൽ താരത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. ആൺകുഞ്ഞാണെങ്കിൽ ലയണൽ എന്നും പെൺകുഞ്ഞാണെങ്കിൽ ലയണെല എന്നുമാണ് പേര് നൽകിയിരിക്കുന്നത്.
Read More: ധോണിയുടെ മകൾക്ക് മെസിയുടെ സമ്മാനം; സിവയ്ക്ക് നൽകിയത് സ്വന്തം കയ്യൊപ്പിട്ട ജേഴ്സി
അതേ സമയം ഡിസംബർ 18 ന് നടന്ന ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ തകർത്താണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്. 80 മിനിറ്റ് വരെ പൂർണമായും അർജന്റീന നിറഞ്ഞാടിയ മത്സരം വെറും ഒന്നര മിനുട്ട് കൊണ്ട് കിലിയൻ എംബാപ്പെ എന്ന അത്ഭുത മനുഷ്യൻ ഫ്രാൻസിന്റെ ദിശയിലേക്ക് തിരിച്ചു വിട്ടു. അവിടുന്നങ്ങോട്ട് പിന്നെ കണ്ടത് ഫിഫ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്ന്. ഒരു പക്ഷെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശ പോരാട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മെസ്സി നിറവേറ്റിയത്.
Story Highlights: Kids are named after messi in argentina