‘ഈ വീട് മനസ്സിൽ പതിയും..’- പളനിയിലെ ആ വീട് കൊച്ചിയിലെത്തിയതിനെക്കുറിച്ച് മമ്മൂട്ടി

നടൻ മമ്മൂട്ടിയും പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓരോ സിനിമാ പ്രേമികളുടെയും സ്വപ്ന സാക്ഷാത്കാരമാണ് വരാനിരിക്കുന്ന ചിത്രം ‘നൻപകൽ നേരത്ത് മയക്കം’. സിനിമ അന്തരാഷ്ട്ര വേദികളിൽ കയ്യടികൾ നേടുമ്പോൾ തിയേറ്ററുകളിലേക്ക് എത്താൻ തയ്യാറെടുക്കുകയാണ്. മമ്മൂട്ടിയുടെ ഉടമസ്ഥാവകാശത്തിലുള്ള മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അതിനാൽ തന്നെ വേറിട്ട പ്രൊമോഷൻ ആശയങ്ങളാണ് ചിത്രത്തിനായി ആവിഷ്കരിച്ചിരിക്കുന്നത്.
സിനിമയുടെ പോസ്റ്ററുകളിലും ട്രെയ്‌ലറുകളിലും നിറഞ്ഞു നിന്നത് പളനിയിലെ ഒരു വീടാണ്. ആ വീടിപ്പോൾ കൊച്ചിയിലുമെത്തിയിരിക്കുകയാണ്. കൊച്ചിയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ കലാസംവിധായകൻ ഷാജി നടുവിൽ ഈ വീട് നിർമിച്ചിരിക്കുന്നത്. അഭിമുഖം ചെയ്യാനെത്തുന്നവരെ കാത്താണ് ഈ വീട് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിക്കായി മിയ ജോർജ് നടത്തിയ അഭിമുഖത്തിലും ഈ വീടിന്റെ സീറ്റിനു മുന്നിലാണ് മമ്മൂട്ടി ഇരിക്കുന്നത്.
‘സാധാരണ പോസ്റ്ററിന്റെ മുന്നിലിരുന്നല്ലേ എല്ലാവരും സിനിമയെക്കുറിച്ച് സംസാരിക്കുന്നത്. ഒരുമാറ്റമാകട്ടെ എന്ന് കരുതി. ഈ വീടുകാണുമ്പോൾ സിനിമ കാണാനിരിക്കുന്നവർ കഥയിലേക്ക് ഇറങ്ങിവരും. ഈ വീട് മനസ്സിൽ പതിയും’- മമ്മൂട്ടി പറയുന്നു. പ്രേക്ഷകർ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയർ കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലായിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ചിത്രത്തിന് ലഭിച്ചത്. ‘നൻപകൽ നേരത്ത് മയക്കം’ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മത്സരവിഭാഗത്തിൽ ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം നവംബര്‍ 7 ന് വേളാങ്കണ്ണിയില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണമാരംഭിച്ചത്. സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിൽ നടൻ മമ്മൂട്ടി തന്നെ നിർമ്മിച്ചപ്പോൾ ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്.
Story highlights- mammootty about nanpakal nerathu location