“പകർന്ന് നൽകുന്ന സ്നേഹത്തിന് നന്ദി..”; സന്തോഷം പങ്കുവെച്ച് മമ്മൂട്ടി

January 20, 2023

വലിയ കാത്തിരിപ്പിന് ശേഷം മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’ തിയേറ്ററുകളിൽ എത്തിയപ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. വ്യത്യസ്‌തമായ കഥാപശ്ചാത്തലവും കഥപറച്ചിൽ രീതിയുമാണ് നൻപകലിന്റെ പ്രത്യേകതയായി പ്രേക്ഷകർ എടുത്ത് പറയുന്നത്. എന്നാൽ മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ഏറ്റവും കൂടുതൽ കൈയടി നേടുന്നത്. അമ്പരപ്പിക്കുന്ന പ്രകടനമാണ് മമ്മൂക്ക ചിത്രത്തിൽ കാഴ്ച്ചവെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. താരത്തിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലേത്.

ഇപ്പോൾ പ്രേക്ഷകരുടെ മികച്ച പ്രതികരണത്തിലുള്ള സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. “നിങ്ങളുടെ റിവ്യൂസ് വായിച്ചു കൊണ്ടിരിക്കുന്നു. പകർന്ന് നൽകുന്ന സ്നേഹം ഏറെ വിനയാന്വിതനാക്കുന്നു”-സംവിധായകൻ ലിജോയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. മലയാള സിനിമകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ മിക്ക സിനിമകളും വലിയ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരേ പോലെ നേടിയിട്ടുള്ള ചിത്രങ്ങളാണ്. ലിജോ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുമായി ഒന്നിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പ്രഖ്യാപനമുണ്ടായ നാൾ മുതൽ പ്രേക്ഷകർ വളരെ ആവേശത്തിലായിരുന്നു.

Read More: എന്തൊരു മാജിക്, സഹോദരിമാരെ പോലെയുണ്ട്- ഉമ്മയ്‌ക്കൊപ്പമുള്ള ചിത്രവുമായി നസ്രിയ; കമന്റ്റ് ചെയ്ത് ദുൽഖർ സൽമാൻ

അതേ സമയം നൻപകൽ നേരത്ത് മയക്കത്തിന്റെ വേൾഡ് പ്രീമിയർ കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലായിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ചിത്രത്തിന് ലഭിച്ചത്. ചിത്രം കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മത്സരവിഭാഗത്തിൽ ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Story Highlights: Mammootty on audience response to nanpakal