എനിക്ക് എന്റെ നിറം നഷ്ടമാകുന്നു- രോഗാവസ്ഥ പങ്കുവെച്ച് മംമ്ത മോഹൻദാസ്
ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും പ്രതിസന്ധികളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നടി മംമ്ത മോഹൻദാസ്. ക്യാൻസറിനെതിരായ പോരാട്ടത്തിൽ വിദഗ്ദ്ധ ചികിത്സക്കായി ലോസ് ഏഞ്ചൽസിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചും താരം പങ്കുവെച്ചിരുന്നു. ആറുവർഷങ്ങൾക്ക് മുൻപ് ലോസ് ഏഞ്ചൽസിലേക്ക് ചേക്കേറിയ മംമ്ത ഷൂട്ടിങ്ങിനായി മാത്രമാണ് നാട്ടിലേക്ക് എത്താറുള്ളത്. ഇപ്പോഴിതാ, ക്യാൻസറിനെ അതിജീവിച്ച മംമ്ത, മറ്റൊരു രോഗാവസ്ഥയിലൂടെ കടന്നുപോകുകയാണ്.
ശരീരത്തിന്റെ നിറം നഷ്ടമാകുന്ന അസുഖ ബാധിതയാണ് നടി. ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ‘പ്രിയ സൂര്യൻ, മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ ആശ്ലേഷിക്കുന്നു.ഒടുവിൽ അങ്ങനെ കണ്ടെത്തി, എനിക്ക് നിറം നഷ്ടപ്പെടുന്നു…മൂടൽമഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ മിന്നിമറയുന്നത് കാണാൻ ഞാൻ എല്ലാ ദിവസവും രാവിലെ നിനക്ക് മുമ്പിൽ എഴുന്നേൽക്കുന്നു. നിനക്കുള്ളതെല്ലാം തരൂ..നിന്റെ കൃപയാൽ ഇവിടെയും എന്നേക്കും ഞാൻ കടപ്പെട്ടവനായിരിക്കും’- മംമ്ത കുറിക്കുന്നു.
കാൻസർ അതിജീവനത്തെക്കുറിച്ച് മികച്ച ബോധവൽക്കരണങ്ങൾ മംമ്ത നൽകാറുണ്ട്. രണ്ടുതവണ കാൻസറിനെ അതിജീവിച്ച നടി, വൈദ്യശാസ്ത്രത്തേക്കാൾ കൂടുതൽ മാനസികാവസ്ഥയ്ക്കാണ് രോഗത്തിൽ സ്വാധീനം ചെലുത്താൻ കഴിയുക എന്നും നിങ്ങൾ എങ്ങനെ ജീവിക്കുന്നുവെന്നും ചിന്തിക്കുന്നുവെന്നും തിരഞ്ഞെടുക്കുന്നതിലൂടെ കാൻസറിനെ മറികടക്കാൻ കഴിയും എന്നും പറയുന്നു.
അഭിനേത്രിയായും ഗായികയായും സിനിമാലോകത്ത് നിറസാന്നിധ്യമായ മംമ്ത, നിർമാണ രംഗത്തേക്കും ചുവടുവെച്ചിരുന്നു. ‘മയൂഖം’ എന്ന ചിത്രത്തിലൂടെയാണ് മംമ്ത സിനിമാ ജീവിതം ആരംഭിച്ചത്. സൈജു കുറുപ്പിനൊപ്പം നായികയായെത്തിയ മംമ്ത മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണിപ്പോൾ. ‘ലങ്ക’, ‘മധുചന്ദ്രലേഖ’, ‘ബിഗ് ബി’, ‘അൻവർ’, ‘പത്മശ്രീ ഭാരത് ഡോ. സരോജ് കുമാർ’, ‘സെല്ലുലോയ്ഡ്’, ‘മൈ ബോസ്’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മംമ്ത ശ്രദ്ധേയയായത്.
Story highlights- mamta mohandas about vitiligo