‘പുഞ്ചിരിക്കൂ, ലോകത്തിലെ എല്ലാ പ്രശ്നങ്ങളും നിങ്ങളുടേതല്ല ..!’- ചിരി ചിത്രങ്ങളുമായി മഞ്ജു വാര്യർ

January 9, 2023

മലയാളികളുടെ മനസിൽ മഞ്ജു വാര്യരോളം ഇടംനേടിയ നടിമാർ ചുരുക്കമാണ്. അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും മഞ്ജു വാര്യർ മലയാള സിനിമയുടെ മുതൽക്കൂട്ടായി നിലകൊള്ളുകയാണ്. സിനിമയിൽ സജീവമായിരുന്ന മൂന്നു വർഷങ്ങൾക്ക് ശേഷം വീണ്ടും പതിനാലു വർഷങ്ങൾ വേണ്ടിവന്നു മഞ്ജു വാര്യർക്ക് വെള്ളിത്തിരയിലേക്ക് മടങ്ങിയെത്താൻ. എന്നാൽ, രണ്ടാം വരവിൽ നടി കൂടുതൽ അമ്പരപ്പിക്കുകയാണ്. വൈവിധ്യമാർന്ന വേഷങ്ങളും മറ്റു ഭാഷകളിൽ നിന്നുള്ള അവസരങ്ങളുമൊക്കെയായി മഞ്ജു വാര്യർ തിരക്കിലാണ്. 

ഇപ്പോഴിതാ, പുത്തൻ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടി. ആയിഷ സിനിമയുടെ റിലീസ് തിരക്കുകൾക്കിടയിലാണ് മഞ്ജു വാര്യർ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ധനുഷ് നായകനായ ‘അസുരൻ’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ശേഷം മഞ്ജു വാര്യർ അടുത്ത തമിഴ് ചിത്രത്തിലേക്ക് ചേക്കേറുകയാണ്. ഇത്തവണ തമിഴ് സൂപ്പർ സ്റ്റാർ അജിത്തിനൊപ്പമാണ് മഞ്ജു വേഷമിടുന്നത്. തുനിവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് അജിത്തിനൊപ്പം നായികയായി മഞ്ജു വാര്യർ എത്തുന്നത്.

അതേസമയം, ആയിഷ എന്ന സിനിമയിലാണ് നടി മലയാളത്തിൽ ഏറ്റവും ഒടുവിൽ വേഷമിടുന്നത്. രസകരമായ ഘടകങ്ങളുള്ള ഒരു കുടുംബ ചിത്രമാണ് ആയിഷ. ഇൻഡോ-അറബ് പശ്ചാത്തലത്തിൽ മലയാളത്തിലും അറബിയിലും പുറത്തിറങ്ങുന്ന ആദ്യത്തെ വാണിജ്യ മലയാള സിനിമ കൂടിയാണിത്.

Read Also: മഞ്ഞിൽ പെട്ട് പോയ നായയ്ക്ക് രക്ഷകരായി ഒരു കുടുംബം; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

ആഷിഫ് കക്കോടിയുടെ തിരക്കഥയിൽ നവാഗതനായ ആമിർ പള്ളിക്കലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജു, രാധിക, കൃഷ്ണ ശങ്കർ, മോന എന്നിവർക്കൊപ്പം ടുണീഷ്യ, യുഎഇ, ഫിലിപ്പീൻസ്, നൈജീരിയ, സിറിയ, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ള അഭിനേതാക്കളും അണിനിരക്കുന്ന ഒരു ഇൻഡോ-അറബ് ചിത്രമാണ് ആയിഷ. ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കറിയയാണ് ചിത്രം നിർമ്മിക്കുന്നത്.

Story highlights- manju warrier latest photos