ഇത് വേറെ ലെവൽ കാവൽ; ലോകകപ്പ് മെഡലുകൾ കാക്കാൻ 19 ലക്ഷത്തിന്റെ വളർത്തുനായയെ വാങ്ങി എമിലിയാനോ മാര്‍ട്ടിനസ്
ലോകകപ്പ് കഴിഞ്ഞ് രണ്ടാഴ്ച്ച പിന്നിട്ടെങ്കിലും ഇപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് അർജന്റീനയുടെ സൂപ്പർ ഗോൾകീപ്പർ എമിലിയാനോ മാര്‍ട്ടിനസ്. ലോകകപ്പ് മെഡലുകള്‍ ഉള്‍പ്പെടെ അമൂല്യ വസ്തുക്കള്‍ സൂക്ഷിച്ച വീടിന് കാവലിരിക്കാന്‍ 20,000 യൂറോയുടെ നായയെ വാങ്ങിയിരിക്കുകയാണ് മാര്‍ട്ടിനസ്. പ്രത്യേക പരിശീലനം ലഭിച്ച നായയെയാണ് താരം സ്വന്തമാക്കിയത്. യു.എസ് നേവീ സീല്‍സിലുണ്ടായിരുന്ന നായയെ ഏകദേശം 19 ലക്ഷം രൂപ മുടക്കിയാണ് മാര്‍ട്ടിനസ് സ്വന്തമാക്കിയത്.
ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്ക്കാരം സ്വന്തമാക്കുന്ന ആദ്യ അർജന്റീനക്കാരൻ കൂടിയാണ് മാര്‍ട്ടിനസ്. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സിനെതിരേയും ഫൈനലില്‍ ഫ്രാന്‍സിനെതിരേയും മാര്‍ട്ടിനസിന്റെ കൈകള്‍ അര്‍ജന്റീനയ്ക്ക് രക്ഷയായി. ഈ രണ്ട് മത്സരത്തിലും പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്റീനയുടെ ജയം.
അതേ സമയം ഇതിഹാസ താരം ലയണൽ മെസിയുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് അർജന്റീന ഇത്തവണത്തെ ലോക കിരീടത്തിൽ മുത്തമിട്ടത്. മെസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഫുട്ബോൾ കരിയറിന് പൂർണത നൽകിയ നിമിഷമായിരുന്നു ലോകകപ്പ് കിരീട നേട്ടം. നായകനായി മുൻപിൽ നിന്ന് ടീമിനെ നയിച്ചതിനൊപ്പം ലോകകപ്പിലെ ഏറ്റവും മികച്ച താരമായും മെസി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ രീതിയിലും സമ്പൂർണമായി മെസിക്കവകാശപ്പെട്ട ലോകകപ്പായിരുന്നു ഇത്.
Read More: റൊണാൾഡോയുടെ വൈകാരികമായ കുറിപ്പിന് മറുപടി നൽകി പെലെയും എംബാപ്പെയും; ഏറ്റെടുത്ത് ആരാധകർ
ഡിസംബർ 18 ന് നടന്ന ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ തകർത്താണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്. 80 മിനിറ്റ് വരെ പൂർണമായും അർജന്റീന നിറഞ്ഞാടിയ മത്സരം വെറും ഒന്നര മിനുട്ട് കൊണ്ട് കിലിയൻ എംബാപ്പെ എന്ന അത്ഭുത മനുഷ്യൻ ഫ്രാൻസിന്റെ ദിശയിലേക്ക് തിരിച്ചു വിട്ടു. അവിടുന്നങ്ങോട്ട് പിന്നെ കണ്ടത് ഫിഫ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്ന്. ഒരു പക്ഷെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശ പോരാട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മെസ്സി നിറവേറ്റിയത്.
Story Highlights: Martinez buys costly dog