ഇതൊരു ഒന്നൊന്നര ഫ്രീ കിക്ക്; നെയ്മറുടെ ഫ്രീ കിക്ക് കണ്ട് അമ്പരന്ന് എംബാപ്പെ-വിഡിയോ

January 31, 2023

ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും മികച്ച താരങ്ങളാണ് ബ്രസീൽ താരം നെയ്‌മറും ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയും. ഫ്രഞ്ച് ക്ലബ്ബായ പിഎസ്‌ജിക്ക് വേണ്ടിയാണ് ഇരുവരും പന്ത് തട്ടുന്നത്. ഇപ്പോൾ പരിശീലന സമയത്ത് നെയ്‌മർ എടുത്ത ഒരു ഫ്രീ കിക്ക് കണ്ട് കണ്ണ് തള്ളി അമ്പരന്ന് നിൽക്കുന്ന എംബാപ്പെയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. നെയ്മറിന്റെ ഫ്രീകിക്ക് ശ്രമം ബാറിനു തൊട്ടുതാഴെക്കൂടി വലയിലെത്തിയതാണ് എംബാപ്പെയെ അമ്പരപ്പിച്ചത്. എംബാപ്പെ നെയ്മറെ കൗതുകത്തോടെ നോക്കി നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

അതേ സമയം സൗദിയിൽ റിയാദ് ഓൾ സ്റ്റാർ ഇലവനും ഫ്രഞ്ച് ക്ലബ്ബായ പിഎസ്‌ജിയും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിൽ നെയ്മറും എംബാപ്പെയും ഇറങ്ങിയിരുന്നു. ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ഫുട്‌ബോൾ താരങ്ങളായ മെസിയും റൊണാൾഡോയും വർഷങ്ങൾക്ക് ശേഷം ഏറ്റുമുട്ടിയ സൗഹൃദ മത്സരം ആവേശപ്പോരാട്ടമായി മാറുകയായിരുന്നു. റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മെസി, നെയ്‌മർ, എംബാപ്പെ, റാമോസ് തുടങ്ങിയ ലോകോത്തര താരങ്ങൾ അണിനിരന്ന ഫ്രഞ്ച് ക്ലബ് പിഎസ്‌ജി റൊണാൾഡോ നയിച്ച റിയാദ് ഓൾ സ്റ്റാർ ഇലവനെ പരാജയപ്പെടുത്തുകയായിരുന്നു. ഒൻപത് ഗോളുകൾ പിറന്ന മത്സരത്തിൽ റിയാദ് നേടിയ നാല് ഗോളുകൾക്കെതിരെ അഞ്ച് ഗോളുകൾ അടിച്ചാണ് പിഎസ്‌ജി ജയിച്ചത്.

Read More: കോണ്ടസ്റ്റിൽ പങ്കെടുക്കൂ, ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീതനിശയിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ സ്വന്തമാക്കാം..

ലോകകപ്പിന് ശേഷം ലോകമെങ്ങുമുള്ള ഫുട്‌ബോൾ പ്രേമികൾ വലിയ ആവേശത്തോടെ കാത്തിരുന്ന മത്സരം കൂടിയായിരുന്നു പിഎസ്‌ജിയും റിയാദ് സീസൺ ഇലവനും തമ്മിൽ ഏറ്റുമുട്ടിയ സൗഹൃദ മത്സരം. വർഷങ്ങൾക്ക് മുൻപ് സ്‌പാനിഷ്‌ ലീഗിൽ റയൽ മാഡ്രിഡും ബാഴ്‌സിലോണയും തമ്മിൽ നടന്ന എൽ-ക്ലാസിക്കോ മത്സരങ്ങൾ റൊണാൾഡോയും മെസിയും തമ്മിലുള്ള പോരാട്ടമായി കൂടിയാണ് ആരാധകർ കണ്ടിരുന്നത്. ഒരു സമയത്ത് ഫുട്‌ബോൾ പ്രേമികൾ ഏറ്റവും ആവേശത്തോടെ കാത്തിരുന്ന മത്സരമാണ് റൊണാൾഡോയുടെ റയലും മെസിയുടെ ബാഴ്‌സിലോണയും തമ്മിൽ ഏറ്റുമുട്ടിയിരുന്ന എൽ-ക്ലാസിക്കോ. ലോകത്ത് ഏറ്റവും കൂടുതൽ പ്രേക്ഷകർ ടെലിവിഷനിൽ കണ്ടിരുന്ന മത്സരം കൂടിയായിരുന്നു ഇത്.

Story Highlights: Mbappe impressed by neymar’s free kick