മെസിയും റൊണാൾഡോയും ഏറ്റുമുട്ടുന്നു; മത്സരം ജനുവരി 19 ന്
ലോകത്തെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരമാരാണെന്നുള്ള ചോദ്യത്തിന് കാൽപ്പന്തിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പെലെ, മറഡോണ തുടങ്ങിയ താരങ്ങളൊക്കെ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇരുവർക്കും ശേഷം ഈ സ്ഥാനത്തിന് അർഹരായ രണ്ട് ഫുട്ബോൾ താരങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ, ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. എന്നാൽ എക്കാലത്തെയും മികച്ച ഫുട്ബോളർ ഇവരിലാര് എന്ന ചോദ്യം അപ്പോഴും ആരാധകരുടെ മനസ്സിൽ ഉണ്ടായിരുന്നു.
ഖത്തർ ലോകകപ്പ് മെസിയുടെ നേതൃത്വത്തിൽ അർജന്റീന നേടിയതോടെ ഈ ചർച്ചയ്ക്ക് വിരാമമിടാമെന്നാണ് ഇപ്പോൾ കളിപ്രേമികൾ അഭിപ്രായപ്പെടുന്നത്. ലോകകിരീടം കൂടി നേടിയതോടെ ലയണൽ മെസി ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരമായി മാറിയെന്നാണ് ഇപ്പോൾ ഫുട്ബോൾ ലോകം ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. 2014 ലും 2022 ലും ലോകകപ്പിലെ മികച്ച താരമായും മെസി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇപ്പോൾ ഇരുതാരങ്ങളും വീണ്ടും കളിക്കളത്തിൽ നേർക്കുനേർ വരികയാണ്. റൊണാൾഡോയുടെ അല്‍ നസര്‍ ക്ലബും മെസിയുടെ പിഎസ്ജിയും തമ്മിലുള്ള സൗഹൃദ പോരാട്ടം ജനുവരി 19 ന് റിയാദില്‍ വെച്ചാണ് നടക്കാൻ പോവുന്നത്. റിയാദിലെ മർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന സൗഹൃദ ടൂർണമെന്റിലാണ് ഇരുവരും വീണ്ടും നേർക്കുനേർ പോരാട്ടത്തിനിറങ്ങുന്നത്.
Read More: “താങ്കളാണ് ലോകത്തെ ഏറ്റവും മികച്ചയാൾ..”; റൊണാൾഡോയെ പുകഴ്ത്തി വിരാട് കോലി
അതേ സമയം ഇന്ന് വൈകിട്ട് 7 മണിക്കാണ് അല്‍ നസര്‍ ക്ലബിന്റെ ഹോം ഗ്രൗണ്ടിൽ റൊണാൾഡോയ്ക്ക് വേണ്ടി വമ്പൻ സ്വീകരണം ഒരുക്കിയിരിക്കുന്നത്. പരസ്യയിനത്തിലടക്കം 200 മില്യൺ ഡോളർ വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് ക്രിസ്റ്റ്യാനോയുടെ കരാർ. ആദ്യത്തെ രണ്ട് വർഷം ക്രിസ്റ്റ്യാനോ ക്ലബിൽ കളിക്കുമെന്നും അതിന് ശേഷം സൗദിയുടെ ഫുട്ബോൾ അംബാസഡറായി പ്രവർത്തിക്കുമെന്നുമാണ് സൂചന.
Story Highlights: Messi and ronaldo friendly match