മെസി മറഡോണയെക്കാൾ മികച്ച താരം; അർജന്റീനയുടെ കോച്ച് സ്‌‌കലോണിയുടെ അഭിപ്രായം ശ്രദ്ധേയമാവുന്നു

January 18, 2023

ഫുട്‌ബോൾ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപ്പെടാൻ പോകുന്ന അധ്യായമാണ് അർജന്റീനയുടെ ഖത്തർ ലോകകപ്പ് വിജയം. ലയണൽ മെസിയുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് അർജന്റീന ഇത്തവണത്തെ ലോക കിരീടത്തിൽ മുത്തമിട്ടത്. മെസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഫുട്‌ബോൾ കരിയറിന് പൂർണത നൽകിയ നിമിഷമായിരുന്നു ലോകകപ്പ് കിരീട നേട്ടം. നായകനായി മുൻപിൽ നിന്ന് ടീമിനെ നയിച്ചതിനൊപ്പം ലോകകപ്പിലെ ഏറ്റവും മികച്ച താരമായും മെസി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ രീതിയിലും സമ്പൂർണമായി മെസിക്കവകാശപ്പെട്ട ലോകകപ്പായിരുന്നു ഖത്തറിലേത്‌.

ഇപ്പോൾ അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത കോച്ച് ലയണൽ സ്‌‌കലോണിയുടെ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. മെസിയാണ് ലോകത്തെ എക്കാലത്തെയും മികച്ച താരമെന്നാണ് സ്‌‌കലോണി പറയുന്നത്. മറഡോണ ഇതിഹാസ താരമാണെങ്കിലും എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ മെസി മറഡോണയെ മറികടന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. എക്കാലത്തെയും മികച്ച താരം മെസി തന്നെയാണെന്നും സ്‌‌കലോണി കൂട്ടിച്ചേർത്തു.

Read More: ധോണിയുടെ മകൾക്ക് മെസിയുടെ സമ്മാനം; സിവയ്ക്ക് നൽകിയത് സ്വന്തം കയ്യൊപ്പിട്ട ജേഴ്‌സി

അതേ സമയം ഡിസംബർ 18 ന് നടന്ന ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ തകർത്താണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്. 80 മിനിറ്റ് വരെ പൂർണമായും അർജന്റീന നിറഞ്ഞാടിയ മത്സരം വെറും ഒന്നര മിനുട്ട് കൊണ്ട് കിലിയൻ എംബാപ്പെ ഫ്രാൻസിന്റെ ദിശയിലേക്ക് തിരിച്ചു വിട്ടു. അവിടുന്നങ്ങോട്ട് പിന്നെ കണ്ടത് ഫിഫ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്ന്. ഒരു പക്ഷെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശ പോരാട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മെസ്സി നിറവേറ്റിയത്.

Story Highlights: Messi is the greatest player of all time accoding to scaloni