പാചകം മുതല്‍ ഭരണം വരെ സ്ത്രീകള്‍; ഈ ഗ്രാമം അല്പം വ്യത്യസ്തമാണ്
ഓരോ ദേശങ്ങള്‍ക്കും കഥകള്‍ ഏറെ പറയാനുണ്ടാകും. വേറിട്ട സാംസ്കാരവും പൈതൃകവുമൊക്കെയാണ് ഓരോ ദേശങ്ങളേയും വ്യത്യസ്തമാക്കുന്നത്. അടുക്കളയിലും അരങ്ങിലുമെല്ലാം സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള ഒരു ദേശമുണ്ട്, അങ്ങ് ചൈനയില്‍. ഇവിടെ വീട്ടുകാര്യങ്ങളും ഭരണകാര്യങ്ങളും എല്ലാം നിര്‍വഹിക്കുന്നത് സ്ത്രീകളാണ്.
ചൈനയുടെ ടിബറ്റന്‍ അതിര്‍ത്തിയോട് ചേര്‍ന്നു ജീവിക്കുന്ന മോസുവോ എന്ന വിഭാഗമാണ് എല്ലാ കാര്യങ്ങളിലും അല്പം വ്യത്യസ്തത പുലര്‍ത്തുന്നത്. മാട്രിയാര്‍ക്കി അഥവാ മാതൃദായകക്രമമാണ് ഇവിടെ ഇപ്പോഴും തുടരുന്നത്. വളരെ കുറച്ച് പേര്‍മാത്രമുള്ള ഒരു ന്യൂന പക്ഷ വിഭാഗമാണ് മോസുവോ. ലോകത്തില്‍ തന്നെ വളരെ കുറച്ച് ഇടങ്ങളില്‍ മാത്രമാണ് ഇക്കാലത്തും മാതൃദായകക്രമം നിലനില്‍ക്കുന്നത്. അതിലൊന്നാണ് മോസുവോ വിഭാഗക്കാരും.
ഇവിടെ എല്ലാക്കാര്യങ്ങളുടെയും പ്രധാന ചുമതലകള്‍ സ്ത്രീകള്‍ക്കാണ്. ഒരു പെണ്‍കുട്ടി സ്ത്രീയായി മാറുമ്പോള്‍ മുതല്ക്കേ അവള്‍ക്ക് സ്വന്തമായി ഒരു മുറി ലഭിയ്ക്കുന്നു. എന്നാല്‍ പുരുഷന്മാര്ക്ക് വീടുകളില്‍ പ്രത്യേക മുറികളോ മറ്റ് സൗകര്യങ്ങളോ ഒന്നും തന്നെയില്ല. വിവാഹത്തിനും ഇവിടെ വലിയ പ്രാധാന്യം ഇല്ല. എന്നാല്‍ ഇഷ്ട പുരുഷനെ തെരഞ്ഞെടുക്കാന്‍ പ്രായപൂര്‍ത്തിയായ ഓരോ യുവതികള്‍ക്കും അനുവാദം നല്‍കുന്നുണ്ട്.
സ്ത്രീകളുടെ അനുവാദത്തോടെ മാത്രമേ ഇഷ്ടപ്പെട്ട പുരുഷന് അവരെ സന്ദര്‍ശിക്കാന്‍ പോലും സാധിക്കുകയുള്ളൂ. എപ്പോഴെങ്കിലും വിവാഹം വേണ്ടെന്നു വയ്ക്കാനോ അല്ലെങ്കില്‍ വിവാഹബന്ധം ഒഴിവാക്കണമെന്നോ സ്ത്രീകള്‍ക്ക് തോന്നിയാല്‍ അതിനും പ്രത്യേക തടസ്സങ്ങളൊന്നും ഇല്ല. കുട്ടികളുണ്ടാകുമ്പോള്‍ അവരുടെ പൂര്‍ണമായ ഉത്തരവാദിത്വവും സ്ത്രീകള്‍ക്കാണ്. പ്രായപൂര്‍ത്തിയാകുന്നതുവരെ കുട്ടികളെ സംരക്ഷിക്കുന്നതും സ്ത്രീകളാണ്.
കൃഷിയാണ് മോസുവോ വിഭാഗക്കാരുടെ പ്രധാന ജീവിതമാര്‍ഗ്ഗം. കന്നുകാലിയും മറ്റ് ജൈവവിളകളുമൊക്കെ ഇവര്‍ കൃഷി ചെയ്യുന്നു. മോസുവോ വിഭാഗക്കാര്‍ ധാന്യങ്ങള്‍ ഉപയോഗിച്ച് പ്രത്യേകമായി തയാറാക്കുന്ന വൈനും പ്രശസ്തമാണ്. വളര്‍ത്തുമൃഗങ്ങളോട് പ്രത്യേക താല്പര്യം ഉള്ളവരാണ് ഈ വിഭാഗക്കാര്‍. വീടിന്റെ താഴത്തെ നിലപോലും വളര്‍ത്തു മൃഗങ്ങള്‍ക്കായി അവര്‍ മാറ്റിവെച്ചിരിക്കുന്നു.
Story highlights: Mosuo community is a world where females rule