വൻ തകർച്ച നേരിട്ട് ന്യൂസിലൻഡ്; 20 ഓവർ കഴിഞ്ഞപ്പോഴക്കും നഷ്ടമായത് 6 വിക്കറ്റുകൾ
ഇന്ത്യയ്ക്കെതിരെയുള്ള രണ്ടാം ഏകദിന മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് വമ്പൻ ബാറ്റിംഗ് തകർച്ചയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. 10 ഓവർ പൂർത്തിയായപ്പോൾ തന്നെ കീവീസിന്റെ 5 വിക്കറ്റുകൾ നഷ്ടമായിരുന്നു. ഇപ്പോൾ 21 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 64 റൺസാണ് കിവീസ് അടിച്ചു കൂട്ടിയിരിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകൾ പിഴുതപ്പോൾ മുഹമ്മദ് സിറാജ്, ഷർദുൽ ഠാക്കൂർ, ഹർദിക് പാണ്ഡ്യ എന്നിവർ ന്യൂസിലൻഡിന്റെ ഓരോ വിക്കറ്റ് വീതം പിഴുതു.
റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം മറ്റൊരു അപൂർവ നിമിഷത്തിന് കൂടി സാക്ഷിയായിരിക്കുകയാണ്. ഇരട്ട സെഞ്ചുറികൾ നേടിയിട്ടുള്ള രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ എന്നിവർ ഇന്നത്തെ മത്സരത്തിനിറങ്ങിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ ഇതാദ്യമായാണ് ഒരു ടീമിൽ ഡബിൾ സെഞ്ചുറി നേടുന്ന 3 ബാറ്റ്സ്മാൻമാർ ഒരുമിച്ച് കളിക്കുന്നത്.
അതേ സമയം ഹൈദരാബാദിൽ നടന്ന ആദ്യ മത്സരത്തിൽ വിജയിച്ച് പരമ്പരയിൽ 1-0 ന് മുൻപിലാണ് ഇന്ത്യ. അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ മികച്ച വിജയമാണ് ഇന്ത്യ നേടിയത്. വമ്പൻ പോരാട്ടവീര്യം കാഴ്ച്ചവെച്ച കീവീസിനെതിരെ 12 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. 78 പന്തുകളിൽ നിന്ന് 140 റൺസ് അടിച്ചുകൂട്ടിയ മൈക്കിൾ ബ്രേസ്വെൽ ഒരു ഘട്ടത്തിൽ ന്യൂസിലൻഡിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. ഇന്ത്യ ഉയർത്തിയ 350 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലൻഡ് 337 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.
ഡബിൾ സെഞ്ചുറി നേടിയ ശുഭ്മൻ ഗില്ലിന്റെ തകർപ്പൻ പ്രകടനത്തിന്റെ മികവിലാണ് ന്യൂസിലൻഡിനെതിരെ ഇന്ത്യ കൂറ്റൻ സ്കോർ നേടിയത്. 149 പന്തിൽ നിന്നാണ് ഗിൽ 208 റൺസ് നേടിയത്. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് ന്യൂസിലൻഡ് ഇന്ത്യയിൽ കളിക്കുന്നത്. ഈ മാസം 24 ന് ഇൻഡോറിലാണ് മൂന്നാം ഏകദിനം നടക്കുന്നത്. ഈ മാസം 27, 29, ഫെബ്രുവരി 1 തീയതികളിൽ റാഞ്ചി, ലക്നൗ, അഹമ്മദാബാദ് എന്നീ വേദികളിൽ ടി-20 മത്സരങ്ങളും നടക്കും.
Story Highlights: New zealand loses 6 wickets in 20 overs