ലോട്ടറി അടിച്ച തുക എന്ത് ചെയ്തു; ഓണം ബമ്പർ നേടിയ അനൂപ് 24 ന്യൂസിനോട് മനസ്സ് തുറന്നു

കേരളം വലിയ രീതിയിൽ ആഘോഷിച്ച ഒരു വാർത്തയായിരുന്നു കഴിഞ്ഞ ഓണം ബമ്പറിന്റേത്. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി എത്തിയ ഇത്തവണത്തെ ഓണം ബമ്പർ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപാണ് നേടിയത്. TJ 750605 എന്ന നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ലോട്ടറി ഫലം പ്രഖ്യാപിച്ച് അന്ന് വൈകുന്നേരം തന്നെ അനൂപ് ടിക്കറ്റുമായി ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്സിയില് എത്തിയിരുന്നു. വലിയ മാധ്യമ ശ്രദ്ധയാണ് അനൂപിന് ലഭിച്ചത്. അനൂപ് ടിക്കറ്റുമായി ഏജൻസിയിലേക്കെത്തുന്നതും മറ്റും വലിയ രീതിയിൽ മാധ്യമങ്ങൾ ആഘോഷിച്ചിരുന്നു.
ഇപ്പോൾ ഓണം ബമ്പറിലൂടെ ലഭിച്ച തുക എന്ത് ചെയ്തുവെന്നതിനെ പറ്റി 24 ന്യൂസിനോട് മനസ്സ് തുറന്നിരിക്കുകയാണ് അനൂപ്. ലോട്ടറി അടിച്ച് ഒരു മാസത്തിനകം തന്നെ അനൂപ് പണം കൈപ്പറ്റി. 15 കോടി 70 ലക്ഷം രൂപയാണ് കൈയിൽ ലഭിച്ചത്. ഇതിൽ മൂന്ന് കോടി രൂപയ്ക്കടുത്ത് ടാക്സും ഒടുക്കി ബാക്കി 12 കോടിയാണ് അനൂപിന് ലഭിച്ചത്. ഈ 12 കോടിയിൽ നിന്ന് കുറച്ച് പണമെടുത്ത് അനൂപ് സ്വന്തമായി ഒരു ലോട്ടറി കട തുടങ്ങിയിരിക്കുകയാണ്. എംഎ ലക്കി സെന്റർ എന്നാണ് സ്ഥാപനത്തിന്റെ പേര്. തിരുവനന്തപുരം മണക്കാട് ജംഗ്ഷനിലാണ് ലോട്ടറി സെന്റർ. അനൂപിന്റേയും ഭാര്യയുടേയും പേരിന്റെ ആദ്യാക്ഷരം ചേർത്താണ് കടയ്ക്ക് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസം രണ്ടാമതൊരു കുഞ്ഞ് കൂടി പിറന്ന സന്തോഷത്തിലാണ് അനൂപും കുടുംബവും ഇപ്പോൾ.
Read More: വാരിസിന്റെ വിജയം ആഘോഷിച്ച് വിജയ്; ആഘോഷങ്ങൾ ഒഴിവാക്കി ‘തല’ അജിത്, കാരണമിത്…
ഇപ്പോഴും ആളുകൾ സഹായം ചോദിച്ചു വരാറുണ്ടെന്നും അനൂപ് കൂട്ടിച്ചേർത്തു. ‘പഴയ വീട് മാറി ഇപ്പോൾ പുതിയ വീട്ടിലാണ് താമസം. പക്ഷേ അവിടെയും ആളുകൾ എത്തുന്നുണ്ട്. ലോട്ടറി തുക ഫികസഡ് ഡെപ്പോസിറ്റ് ഇട്ടിരിക്കുകയാണ്. ഈ തുകയുടെ പലിശ കൊണ്ട് മറ്റുള്ളവർക്ക് സാമ്പത്തിക സഹായം ചെയ്യുന്നുണ്ട്. അത്രയധികം ബുദ്ധിമുട്ടുള്ളവരെയാണ് സഹായിക്കുന്നത്.’- അനൂപ് 24 ന്യൂസിനോട് പറഞ്ഞു.
Story Highlights: Onam bumper winner anoop begins lottery centre