ഇത് മമ്മൂക്കയുടെ സമ്മാനം; ചിത്രം പങ്കുവെച്ച് രമേശ് പിഷാരടി

January 5, 2023

മലയാളികളുടെ ഇഷ്‌ട താരമാണ് രമേശ് പിഷാരടി. താരത്തിന്റെ തമാശകൾ ആസ്വദിക്കാത്ത മലയാളികളുണ്ടാവില്ല. വർഷങ്ങളായി മിമിക്രി വേദികളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കലാകാരനാണ് പിഷാരടി. ടെലിവിഷൻ ആങ്കറായും സ്റ്റാൻഡ് അപ്പ് കോമേഡിയനായും നടനായും മികവ് തെളിയിച്ചിട്ടുള്ള പിഷാരടി ഒരു സകലകലാവല്ലഭനായിട്ടാണ് മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്.

ഇപ്പോൾ പിഷാരടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാവുന്നത്. നടൻ മമ്മൂട്ടി സമ്മാനിച്ച കൂളിംഗ് ഗ്ലാസ് ധരിച്ചു നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ‘മമ്മൂക്കയുടെ സമ്മാനം, ഔപചാരികതയ്ക്ക് വേണ്ടി മാത്രം നന്ദി പറയുന്നു’ എന്ന് കുറിച്ച് കൊണ്ടാണ് പിഷാരടി ചിത്രം പങ്കുവെച്ചത്.

അതേ സമയം സിനിമയിൽ നേരത്തെ തന്നെ അഭിനേതാവായി തിളങ്ങിയിട്ടുള്ള പിഷാരടി ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും കടന്നിരുന്നു. കുറച്ചു നാളുകൾക്ക് മുൻപ് പിഷാരടി ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ അതിഥിയായി എത്തിയിരുന്നു. എപ്പിസോഡിൽ താരം പങ്കുവെച്ച പല കാര്യങ്ങളും ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി നായകനായി അഭിനയിച്ച ‘ഗാനഗന്ധർവ്വൻ’ സിനിമ ഉണ്ടായതിനെ പറ്റിയും വേദിയിൽ പിഷാരടി മനസ്സ് തുറന്നിരുന്നു.

Read More: ധർമജനെ ആദ്യമായി കണ്ടുമുട്ടിയതിനെ പറ്റി ഒരു കോടി വേദിയിൽ രമേശ് പിഷാരടി…

തെറ്റായ ഒരു ആരോപണം വരുമ്പോൾ ഒരു മനുഷ്യന്റെ ജീവിതം എങ്ങനെ മാറുമെന്നും അതിന് ശേഷം അവർ ജീവിതത്തിൽ എങ്ങനെ ആയിരിക്കും ജീവിക്കുന്നതെന്നുമുള്ള ചിന്തയാണ് ‘ഗാനഗന്ധർവ്വന്റെ’ കഥയിലേക്ക് എത്തിച്ചത് എന്നാണ് പിഷാരടി പറയുന്നത്. അതിലെ നായകൻ ഇടയ്ക്കിടെ അമേരിക്കയിലേക്ക് പോകേണ്ടതുണ്ടായിരുന്നു. അത് കൊണ്ടാണ് നായകനെ ഒരു കലാകാരനാക്കിയതെന്നും പിഷാരടി പറഞ്ഞു. പണ്ട് മുതലേ സംഘാടനം നടത്തുന്നതിൽ തനിക്ക് താല്പര്യം ഉണ്ടായിരുന്നുവെന്നും ഇതായിരിക്കാം ഒരു പക്ഷെ സംവിധാനത്തിലേക്ക് തന്നെ എത്തിച്ചിരിക്കാമെന്നും പിഷാരടി കൂട്ടിച്ചേർത്തു.

Story Highlights: Pisharody shares photo of gift from mammootty