‘എത്രയോ പ്രാവശ്യം ഇഷ്ടം കൊണ്ട് ചേച്ചിയെ ഒന്ന് നുള്ളാൻ തോന്നിയിരിക്കുന്നു..’- അനുഭവകുറിപ്പുമായി രാധിക
മലയാളത്തിന്റെ പ്രിയങ്കരിയാണ് മഞ്ജു വാര്യർ. പതിനാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ മഞ്ജു വാര്യർ, മറ്റു ഭാഷകളിലും സജീവമാകുകയാണ്. ‘തുനിവ്’ എന്ന സിനിമയ്ക്ക് ശേഷം ആയിഷ എന്ന സിനിമയാണ് മഞ്ജു വാര്യർ നായികയായി റിലീസിന് ഒരുങ്ങുന്നത്. 7 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന് കൊറിയോഗ്രാഫി ചെയ്യുന്നത് പ്രഭുദേവയാണ്. യുഎഇയിൽ പ്രധാന റോഡ് അടച്ച് ആയിഷയുടെ ചിത്രീകരണം നടത്തുന്നതിന്റെ വീഡിയോ പുറത്തിവന്നിരുന്നു. ആദ്യ കൊമേർഷ്യൽ മലയാളം- അറബിക് ചിത്രമായാണ് ആയിഷ പ്രേക്ഷകരിലേക്കെത്തുന്നത്.
ഇപ്പോഴിതാ, ചിത്രത്തിൽ മഞ്ജു വാര്യരുടെ ഒപ്പം അഭിനയിച്ച രാധിക തന്റെ ആരാധനാപാത്രത്തെ നേരിൽകണ്ട അനുഭവം പങ്കുവയ്ക്കുകയാണ്. അമ്മയാണ് മഞ്ജു വാര്യരെ ആദ്യമായി കാണിച്ചുതന്നത് എന്നും ഒന്നിച്ചഭിനയിക്കാൻ സാധിച്ചത് അത്ഭുതമായി എന്നും രാധിക പങ്കുവയ്ക്കുന്നു.
മഞ്ജു വാര്യർ എന്ന ലേഡി സൂപ്പർസ്റ്റാറിനെ ഒരു ഡാൻസ് പ്രേമി ആയ എന്റെ ‘അമ്മയാണ് മാഗസിൻ കവറില് അന്നത്തെ കലാതിലകത്തിന്റെ ഫോട്ടോ ആയി വന്ന മഞ്ജു ചേച്ചിയെ ആദ്യം എനിക്ക് കാണിച്ചു തരുന്നത്, പിന്നീട് ‘അമ്മ ശേഖരിച്ചു വച്ച മഞ്ജു ചേച്ചിയുടെ മാഗസിൻ ഫോട്ടോകൾ എന്നും എനിക്ക് കൗതുകം ആയിരുന്നു.
ഞാൻ സിനിമയിലേക്കു വന്നപ്പോ എനിക്ക് കാണണം കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം എന്ന് തോന്നിയിട്ടുള്ള അഭിനേതാക്കളിൽ ഒരാൾ മഞ്ജു ചേച്ചി ആകവേ, ചേച്ചിയുടെ ഇടവേളയിൽ അത് എനിക്ക് സാധിച്ചില്ല.
ഒടുവിൽ സെൽഫി ഇല്ലാത്ത കാലത്തു 20 – 20 സിനിമയുടെ വിജയാഘോഷ ചടങ്ങിൽ ചേച്ചിയെ നേരിട്ട് കാണുമ്പോൾ… “അയച്ചു തരാം”എന്ന് പറഞ്ഞു ഫോട്ടം പിടിച്ച ആൾ അത് തരാതെ പറ്റിക്കുകയും ചെയ്തല്ലോ എന്ന് ഓർത്തു സങ്കടം ആയിരുന്നു എനിക്ക്.
ചേച്ചി ഇടവേള കഴിഞ്ഞു വരുമ്പോ ഞാൻ ഇടവേള എടുത്തു, എന്നിട്ടും എന്റെ ആഗ്രഹം സാധിച്ചു തരാൻ ദൈവം മറന്നില്ലല്ലോ.. താങ്ക്സ് ഉണ്ട് ദൈവമേ…
ആയിഷ സിനിമ ചെയ്യുമ്പോൾ.. ഞാൻ ചേച്ചിയുടെ അടുത്ത് നിന്ന് അഭിനയിക്കുമ്പോഴും; കണ്ണ് എടുക്കാതെ മാറി നിന്ന് കണ്ടപ്പോഴും; അടുത്ത് ഇരുന്നു വർത്തമാനം പറയുമ്പോഴും ‘എന്റെ അമ്മ ആദ്യം ആയി ചേച്ചിയുടെ ഫോട്ടോ കാണിച്ചപ്പോൾ തോന്നിയ കൗതുകം ആയിരുന്നു എനിക്ക്. എത്രയോ പ്രാവശ്യം ഇഷ്ടം കൊണ്ട് ചേച്ചിയെ ഒന്ന് നുള്ളാൻ തോന്നിയിരിക്കുന്നു.
ഈ സുന്ദര നിമിഷങ്ങൾ എനിക്ക് തന്ന ആമിർ പള്ളിക്കലിനും, മഞ്ജു ചേച്ചിക്കും, ആയിഷ ക്രൂവിനും സ്നേഹം നിറഞ്ഞ നന്ദി- രാധിക കുറിക്കുന്നു.
നവാഗതനായ ആമിർ പള്ളിക്കൽ ആണ് ചിത്രം സംവിധാനം നിർവഹിക്കുന്നത്. ഇന്തോ- അറബിക് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഗൾഫിലാണ് ചിത്രീകരിക്കുന്നത്. പൂർണമായും ഒരു കുടുംബചിത്രമായാണ് ആയിഷ ഒരുങ്ങുന്നത്. സംവിധായകൻ സക്കറിയായാണ് ചിത്രം നിർമിക്കുന്നത്.
Story highlights- radhika about manju warrier