“ഞാൻ ഒരു നിരീശ്വരവാദി, പക്ഷേ..”; കമൽ ഹാസൻ അയച്ച കത്ത് പങ്കുവെച്ച് കാന്താരയുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി
റിലീസ് ചെയ്ത് ഏറെ നാളുകളായെങ്കിലും ഇപ്പോഴും കാന്താര വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. അഭിമുഖങ്ങളിലും സിനിമ ചർച്ചകളിലുമൊക്കെ പ്രേക്ഷകരും നിരൂപകരുമൊക്കെ കാന്താരയെ വാനോളം പുകഴ്ത്തുകയാണ്. ഇന്ത്യൻ സിനിമയിൽ ചരിത്രം സൃഷ്ടിക്കുകയായിരുന്നു ഋഷഭ് ഷെട്ടിയുടെ ‘കാന്താര.’ ദൃശ്യവിസ്മയമൊരുക്കിയ കന്നട ചിത്രം വലിയ ഹിറ്റായി മാറിയിരുന്നു.കന്നടയിൽ ചിത്രം വമ്പൻ ഹിറ്റായി മാറിയതോടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി അടക്കമുള്ള ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിരുന്നു. എല്ലാ ഇൻഡസ്ട്രിയിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചെറിയ ബജറ്റിലൊരുങ്ങിയ ചിത്രം ചുരുങ്ങിയ സമയം കൊണ്ട് വമ്പൻ വിജയം നേടുകയായിരുന്നു.
ഇപ്പോൾ കാന്താരയെ പുകഴ്ത്തി കമൽ ഹാസൻ അയച്ച കത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി. കാന്താര എല്ലാ കാലത്തും മനസ്സിൽ തങ്ങി നിൽക്കുന്ന സിനിമയാണെന്നും മനസ്സിനെ കൂടുതൽ ഉന്മേഷഭരിതമാക്കുന്ന അനുഭവമാണെന്നുമാണ് കമൽ ഹാസൻ കുറിച്ചിരിക്കുന്നത്. താൻ ഒരു നിരീശ്വരവാദിയാണെങ്കിലും ഈശ്വരസാന്നിധ്യം അനിവാര്യമാണെന്ന് താൻ മനസ്സിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ബാഹുബലി, ആർആർആർ അടക്കമുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ എസ്.എസ് രാജമൗലി കാന്താരയുടെ വിജയത്തെ പറ്റി പങ്കുവെച്ച കാര്യങ്ങൾ ശ്രദ്ധേയമായി മാറിയിരുന്നു. വലിയ വിജയങ്ങൾ നേടാൻ നിങ്ങൾക്ക് വലിയ ബജറ്റിന്റെ ആവശ്യമില്ലെന്നും കാന്താരയുടെ വമ്പൻ വിജയം അതിനുദാഹരണമാണെന്നും പറയുകയാണ് സംവിധായകൻ. “വലിയ ബജറ്റുകൾ എന്തോ സംഭവമാണ് എന്ന അവസ്ഥയിലായിരുന്നു. പെട്ടെന്ന് കാന്താര വന്നു. അത് ഉണ്ടാക്കുന്ന പണത്തിന്റെ കണക്കുകള്‍ നോക്കുക. അതായത് വലിയ വിജയം നേടാന്‍ നിങ്ങള്‍ക്ക് വലിയ ബജറ്റ് സിനിമകള്‍ ആവശ്യമില്ല. കാന്താര പോലൊരു ചെറിയ ചിത്രത്തിന് പോലും അത് ചെയ്യാൻ കഴിയും”- ഒരു ഓൺലൈൻ ചാനലിനോട് അദ്ദേഹം തുറന്നു പറഞ്ഞു.
Story Highlights: Rishabh shetty shares letter from kamal hasan