മെസിയുടെ പിഎസ്ജിക്കെതിരെ റൊണാൾഡോ ഇറങ്ങുന്നത് ടീമിന്റെ നായകനായി

January 17, 2023

ലോകകപ്പ് നേടിയ ലയണൽ മെസിയുടെ പിഎസ്‌ജിക്കെതിരെയുള്ള മത്സരത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിൽ അരങ്ങേറുന്നത്. അല്‍-നസ്ര്‍, അല്‍ ഹിലാല്‍ ക്ലബ്ബുകൾ ഒരുമിച്ചിറങ്ങുന്ന റിയാദ് എസ് ടി ഇലവന്റെ നായകനായാണ് റൊണാൾഡോ മത്സരത്തിനിറങ്ങുന്നത്. നേരത്തെ തന്നെ സൗദിയിൽ എത്തിയിരുന്നെങ്കിലും രണ്ട് മത്സരങ്ങളിലുള്ള വിലക്ക് കാരണമാണ് റൊണാൾഡോയുടെ അരങ്ങേറ്റം വൈകിയത്.

ലോകകപ്പിന് ശേഷം ലോകമെങ്ങുമുള്ള ഫുട്‌ബോൾ പ്രേമികൾ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരം കൂടിയാണ് പിഎസ്‌ജിയും റിയാദ് എസ് ടി ഇലവനും തമ്മിൽ ഏറ്റുമുട്ടുന്ന സൗഹൃദ മത്സരം. വർഷങ്ങൾക്ക് മുൻപ് സ്‌പാനിഷ്‌ ലീഗിൽ റയൽ മാഡ്രിഡും ബാഴ്‌സിലോണയും തമ്മിൽ നടന്ന എൽ-ക്ലാസിക്കോ മത്സരങ്ങൾ റൊണാൾഡോയും മെസിയും തമ്മിലുള്ള പോരാട്ടമായി കൂടിയാണ് ആരാധകർ കണ്ടിരുന്നത്. ഒരു സമയത്ത് ഫുട്‌ബോൾ പ്രേമികൾ ഏറ്റവും ആവേശത്തോടെ കാത്തിരുന്ന മത്സരമാണ് റൊണാൾഡോയുടെ റയലും മെസിയുടെ ബാഴ്‌സിലോണയും തമ്മിൽ ഏറ്റുമുട്ടിയിരുന്ന എൽ-ക്ലാസിക്കോ. ലോകത്ത് ഏറ്റവും കൂടുതൽ പ്രേക്ഷകർ ടെലിവിഷനിൽ കണ്ടിരുന്ന മത്സരം കൂടിയായിരുന്നു ഇത്.

അതേ സമയം റൊണാൾഡോ കഴിഞ്ഞ ദിവസം റയൽ മാഡ്രിഡിന്റെ ക്യാമ്പിൽ എത്തിയിരുന്നു. റിയാദിൽ സ്‌പാനിഷ് സൂപ്പർ കപ്പിന്റെ ഫൈനൽ മത്സരത്തിനെത്തിയ റയൽ ക്യാമ്പിലാണ് റൊണാൾഡോ സന്ദർശനം നടത്തിയത്. റയലിന്റെ പരിശീലകൻ കാർലോ ആഞ്ചലോട്ടിയെയും ഇതിഹാസ താരം റോബർട്ടോ കാർലോസിനെയും നേരിൽ കണ്ട് സൗഹൃദം പുതുക്കുകയും ചെയ്‌തു താരം.

Read More: ഇന്ത്യൻ ടീമിന് ഇതുവരെ ലഭിച്ച ഏറ്റവും മികച്ച ക്യാപ്റ്റനുമൊത്തുള്ള ചിത്രം- മിഥുന് ഇത് സ്വപ്ന സാക്ഷാത്കാരം

പിന്നീട് ടീമിലെ യുവതാരങ്ങൾക്കൊപ്പം റൊണാൾഡോ ഫോട്ടോയും എടുത്തു. പല താരങ്ങൾക്കും അവരുടെ ജീവിതത്തിലെ വിലപ്പെട്ട നിമിഷമായി അത് മാറുകയായിരുന്നു. ബ്രസീലിന്റെ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ അടക്കമുള്ള താരങ്ങൾ റൊണാൾഡോയെ കാണാനെത്തിയിരുന്നു. അതേ സമയം റൊണാൾഡോയ്‌ക്കൊപ്പം ഫോട്ടോ എടുക്കുന്നതിന് മുൻപ് പരിഭ്രമത്തോടെ ബ്രസീൽ താരം റോഡ്രിഗോ കൈ വിറച്ച് നിൽക്കുന്നതും വിഡിയോയിൽ കാണാം.

Story Highlights: Ronaldo captain of riyadh st against psg