‘ദേവീ നീയേ, വരലക്ഷ്മി നീയേ…’; ‘തങ്കം’ സിനിമയിലെ ആദ്യ ഗാനം ശ്രദ്ധേയമാവുന്നു

January 14, 2023

ജീവിത ഗന്ധിയായ നിരവധി സിനിമകളിലൂടെ പ്രേക്ഷക മനസ്സിൽ ഇതിനകം സ്ഥാനമുറപ്പിച്ച ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘തങ്ക’ത്തിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. അൻവർ അലി രചിച്ച് ബിജിബാൽ ഈണമിട്ട ‘ദേവീ നീയേ, വരലക്ഷ്മി നീയേ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് നജിം അർഷാദാണ്. ചിത്രം ജനുവരി 26 ന് തിയേറ്ററുകളിൽ എത്തും.

ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി തുടങ്ങിയവരും നിരവധി മറാത്തി തമിഴ് താരങ്ങളും വേഷമിടുന്ന ചിത്രം നിർമ്മിക്കുന്നത് ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ്. കുമ്പളങ്ങി നൈറ്റ്സ്, ജോജി, പാല്‍തു ജാന്‍വര്‍ എന്നിവയാണ് ഈ ബാനറിന്‍റേതായി ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ‘തങ്കം.’ നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത് ശ്യാം പുഷ്കരനാണ്.

Read More: ‘സഞ്ചാരി നീ..’; സ്‌പെയിനിൽ കറങ്ങുന്ന പ്രണവ് മോഹൻലാൽ, വിഡിയോ പങ്കുവെച്ച് താരം

അതേ സമയം കഴിഞ്ഞ വർഷത്തെ ദേശീയ-സംസ്ഥാന പുരസ്‌ക്കാരങ്ങൾ നേടിയ അഭിനേതാക്കളും അണിയറ പ്രവർത്തകരുമാണ് തങ്കത്തിൽ പ്രവർത്തിച്ചിരിക്കുന്നത്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബിജു മേനോന് അഭിനയത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്‌ക്കാരങ്ങൾ ലഭിച്ചിരുന്നു. അപർണ്ണ ബാലമുരളി കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം നേടിയപ്പോൾ ഹൃദയത്തിലൂടെ വിനീത് ശ്രീനിവാസൻ ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന പുരസ്ക്കാരം സ്വന്തമാക്കി. ദിലീഷ് പോത്തനും ശ്യാം പുഷ്ക്കരനും കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ നേടിയിരുന്നു.

Story Highlights: Thangam first song released