‘സഞ്ചാരി നീ..’; സ്‌പെയിനിൽ കറങ്ങുന്ന പ്രണവ് മോഹൻലാൽ, വിഡിയോ പങ്കുവെച്ച് താരം

January 14, 2023

മലയാള സിനിമ പ്രേക്ഷകർക്ക് ഏറ്റവും പ്രതീക്ഷയുള്ള യുവനടന്മാരിലൊരാളാണ് പ്രണവ് മോഹൻലാൽ. മോഹൻലാൽ എന്ന താരത്തിന്റെ മകൻ എന്നതിൽ നിന്ന് മാറി മലയാള സിനിമയിൽ ഒരു നടനെന്ന നിലയിൽ സ്വന്തമായി ഒരു വിലാസം ഉണ്ടാക്കിയെടുത്തിരിക്കുകയാണ് പ്രണവ്. യാത്രകളും സാഹസികതയും ഏറെ ഇഷ്ടപെടുന്ന താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളുമൊക്കെ വളരെ പെട്ടെന്ന് വൈറലാവാറുണ്ട്. പൊതുവേദികളിലും പരിപാടികളിലും വളരെ അപൂർവ്വമായി മാത്രം പങ്കെടുക്കാറുള്ള പ്രണവിനെ പറ്റിയുള്ള വാർത്തകളൊക്കെ ശ്രദ്ധേയമാവാറുണ്ട്.

ഇപ്പോൾ പ്രണവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്പെയിനിൽ കാൽനടയായി യാത്ര ചെയ്യുന്ന വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. പ്രണവ് പാട്ട് പാടുന്നതും സാഹസികത കാണിക്കുന്നതുമൊക്കെ വിഡിയോയിലുണ്ട്. നിരവധി ആരാധകരാണ് വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്‌തിരിക്കുന്നത്‌.

അതേ സമയം പ്രണവ് കഴിഞ്ഞ ദിവസം പങ്കുവെച്ച മറ്റൊരു വിഡിയോയും വൈറലായി മാറിയിരുന്നു. ഒരു ലൈവ് പെർഫോമൻസിന്റെ വിഡിയോയാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. യാത്രയ്ക്കിടയിൽ ഒരു വേദിയിൽ ലൂയിസ് ആംസ്‌ട്രോങ്ങിന്റെ ‘സെന്റ് ജെയിംസ് ഇന്‍ഫേമറി ബ്ലൂസ്’ എന്ന ഗാനം ആലപിക്കുകയായിരുന്നു താരം. ഈ വിഡിയോയാണ് ആരാധകർ ഏറ്റെടുത്തത്. നടൻ ആൻറണി വർഗീസ് അടക്കമുള്ളവർ വിഡിയോയ്ക്ക് താഴെ കമൻറ്റ് ചെയ്‌തിരുന്നു.

Read More: പെൺകുട്ടിയായി ജനിച്ചതിനാൽ അച്ഛൻ ഉപേക്ഷിച്ചുപോയി, ഭാവിയിൽ സംസാരിക്കാനാകുമോ എന്ന് ഡോക്ടർമാർ സംശയിച്ച കുരുന്ന്- പ്രതിബന്ധങ്ങളെ തരണംചെയ്ത് പാട്ടുവേദിയിലെത്തിയ ശ്രിഥക്കുട്ടി!

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു പ്രണവ് നായകനായ ‘ഹൃദയം.’ വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ദർശന രാജേന്ദ്രനും കല്യാണി പ്രിയദർശനുമാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയേറ്ററിൽ നിന്ന് 50 കോടിയോളം നേടിയ ചിത്രം ഒടിടിയിലും തരംഗമായി മാറിയിരുന്നു.

Story Highlights: Pranav mohanlal shares viral video in instagram