“ഇത് ടോമി ഷെൽബിയാണോ?”; പീക്കി ബ്ലൈൻഡേഴ്സ് സ്വാഗിൽ പ്രണവ് മോഹൻലാൽ!

January 24, 2024

സജീവമായി സിനിമകളിൽ പ്രത്യക്ഷപ്പെടാറില്ലെങ്കിലും താൻ ചെയ്തുവെച്ച വേഷങ്ങളിലൂടെയെല്ലാം ശ്രദ്ധേയനായ നടനാണ് പ്രണവ് മോഹൻലാൽ. ഒരു താരപുത്രൻ എന്ന പദവിയോ ആഡംബരമോ ഒരിക്കലും ബാധിക്കാത്ത പ്രണവ്, മറ്റ് താരങ്ങളിൽ നിന്ന് എപ്പോഴും വ്യത്യസ്തത പുലർത്താറുമുണ്ട്. സിനിമയ്ക്ക് അപ്പുറമുള്ള പ്രണവിന്റെ ജീവിതം ഒച്ചപ്പാടുകൾ ഒന്നും ഇല്ലാത്ത മറ്റൊരു ലോകമാണ്. തനിക്ക് ഇഷ്ടമുള്ള യാത്രകൾക്കും സാഹസികതയ്ക്കും വേണ്ടി പലപ്പോഴും വെള്ളിവെളിച്ചത്തിൽ നിന്ന് ഒളിച്ചോടാറുമുണ്ട് താരം. (Pranav Mohanlal’s new picture in Peaky Blinders swag)

ഇപ്പോഴിതാ, പ്രണവ് തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ആകെ തരംഗം സൃഷ്ടിക്കുന്നത്. യാത്രകൾക്കിടയിലുള്ള നിമിഷങ്ങളും സിനിമകളുടെ പ്രൊമോഷനുകളും മറ്റുമാണ് പൊതുവെ പ്രണവ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുള്ളത്. തൻ്റെ ഫോട്ടോകൾ പോലും വളരെ വിരളമായി പോസ്റ്റ് ചെയ്യാറുള്ള പ്രണവിന്റെ പുത്തൻ പോസ്റ്റിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ലോക പ്രശസ്ത സീരീസ് പീക്കി ബ്ലൈൻഡേഴ്സ് ഐക്കോണിക് ലുക്കിലാണ് പ്രണവിന്റെ പുത്തൻ പോസ്റ്റ്. “ബൈ ഓർഡർ ഓഫ് ദി പീക്കി ബ്ലൈൻഡേഴ്സ്” എന്ന അടിക്കുറിപ്പോടെ ചിത്രം പങ്കുവെച്ചത് മുതൽ ആരാധകർ കമെന്റുകളിൽ നിറയുകയാണ്. സീരിസിലെ കഥാപാത്രങ്ങളെ ഓർമിപ്പിക്കും വിധമാണ് പ്രണവിന്റെ വേഷവും ആകെയുള്ള ലുക്കും. നടനും സംവിധായകനുമായ ബേസിൽ ജോസഫ്, നടൻ വിനയ് ഫോർട്ട്, നിർമ്മാതാവായ വൈശാഖ് സുബ്രമണ്യം തുടങ്ങിയവരും അഭിപ്രായങ്ങൾ അറിയിച്ചു.

Read also: 13 എൻട്രികൾ ; ഗോൾഡൻ ഗ്ലോബിന് പിന്നാലെ ഓസ്കറിലും നേട്ടമുണ്ടാക്കാൻ ഓപ്പൺഹെയ്മർ

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇംഗ്ലണ്ടിലെ ബർമിങ്ഹാമിലുണ്ടായിരുന്ന പീക്കി ബ്ലൈൻഡേഴ്സ് എന്ന സംഘത്തെ ഇതിവൃത്തമാക്കി ബിബിസി അവതരിപ്പിച്ച ക്രൈം സീരീസാണ് പീക്കി ബ്ലൈൻഡേഴ്സ്. ലോകത്തിന്റെ നാല് കോണിലും ഈ സീരിസിന് ആരാധകരുണ്ട്.

അതേസമയം, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്കു ശേഷം’ ആണ് പ്രണവിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. വിനീത് ശ്രീനിവാസനും പ്രണവും ‘ഹൃദയ’ത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം വിഷുവിനാണ് തിയറ്ററുകളിൽ എത്തുക.

Story highlights: Pranav Mohanlal’s new picture in Peaky Blinders swag