റോയ് മുതൽ മുകുന്ദൻ ഉണ്ണിവരെ; ഇനി ‘തങ്ക’ത്തിലെ കണ്ണനായി ഞെട്ടിക്കാൻ വിനീത്

January 21, 2023

ഗായകൻ, രചയിതാവ്, നടൻ, സംവിധായകൻ, നി‍ര്‍മ്മാതാവ് അങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ ഇതിനകം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളയാളാണ് വിനീത് ശ്രീനിവാസൻ. നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ എത്തി ഏതാനും സിനിമകളിൽ കൈയ്യടി നേടിയിട്ടുമുണ്ട് വിനീത്. അടുത്തിടെ വിനീത് നായകനായി തിയേറ്ററുകളിലെത്തിയ ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ ‘തങ്കം’ എന്ന സിനിമയിൽ കണ്ണൻ എന്ന കഥാപാത്രമായി ഞെട്ടിക്കാനൊരുങ്ങുകയാണ് താരം. ജനുവരി 26 നാണ് സിനിമയുടെ തിയേറ്റർ റിലീസ്.

2008-ൽ ‘സൈക്കിൾ’ എന്ന സിനിമയിൽ റോയ് എന്ന നായകവേഷം ചെയ്തുകൊണ്ടാണ് വിനീത് അഭിനയരംഗത്ത് സജീവമായത്. ശേഷം ശ്രീനിവാസനോടൊപ്പം ‘മകന്‍റെ അച്ഛൻ’ എന്ന സിനിമയിൽ മനു എന്ന കഥാപാത്രമായുമെത്തി. ശേഷം ട്രാഫികിലെ റെയ്ഹാനേയും ചാപ്പ കുരിശിലെ അൻസാരിയേയും തന്മയത്വത്തോടെ വിനീത് പകർന്നാടി. തികച്ചും വേറിട്ട പ്രകടനമായിരുന്നു അനസാരിയായി ചാപ്പ കുരിശിൽ വിനീത് നടത്തിയത്.

പിന്നാലെ ഓം ശാന്തി ഓശാന, ഓര്‍മ്മയുണ്ടോ ഈ മുഖം, ഒരു വടക്കൻ സെൽഫി, ഒരു സെക്കൻഡ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം, എബി, ഒരു സിനിമാക്കാരൻ, ആന അലറലോടലറൽ, അരവിന്ദന്‍റെ അതിഥികൾ , തണ്ണീർ മത്തൻ ദിനങ്ങൾ, ലവ് ആക്ഷൻ ഡ്രാമ, മനോഹരം, മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് തുടങ്ങി ഒട്ടേറെ സിനിമകൾ വിനീതിന്‍റേതായെത്തുകയുണ്ടായി. ഇക്കൂട്ടത്തിൽ ‘കുഞ്ഞിരാമായണ’ത്തിലെ കുഞ്ഞിരാമനും ‘അരവിന്ദന്‍റെ അതിഥികളി’ലെ അരവിന്ദനും ‘തണ്ണീർ മത്തനി’ലെ രവി മാഷും ‘മനോഹര’ത്തിലെ മനുവും ‘മുകുന്ദൻ ഉണ്ണി’യിലെ അഡ്വ.മുകുന്ദനും വിനീതിലെ നടനെ ഏറെ എക്സ്പ്ലോർ ചെയ്ത സിനിമകളായിരുന്നു.

ഇപ്പോഴിതാ ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ഇറങ്ങുന്ന ‘തങ്കം’ എന്ന സിനിമയിൽ കണ്ണൻ എന്ന വ്യത്യസ്തമായൊരു വേഷത്തിൽ വിനീത് എത്തുകയാണ്. തൃശൂരിൽ നിന്നുള്ളൊരു സ്വർണ്ണ ഏജന്‍റായാണ് ചിത്രത്തിൽ താരമെത്തുന്നത്. വിനീതിന് ഏറെ അഭിനയ സാധ്യതയുള്ള സിനിമയാണിതെന്നാണ് ട്രെയ്‌ലറിൽ നിന്ന് വെളിവാകുന്നത്. ഈ വർഷത്തെ മസ്റ്റ് വാച്ച് ചിത്രമെന്നാണ് ഇതിനകം തങ്കത്തെകുറിച്ച് സിനിമാ പ്രേമികളുടെ ഭാഷ്യം. വിനീതിനോടൊപ്പം ബിജു മേനോനും പ്രധാന വേഷത്തിലുണ്ട്. ഇവരുടെ കോമ്പോയുടെ പ്രകടനത്തിനായും സിനിമാപ്രേമികൾ കാത്തിരിപ്പിലാണ്. അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. കൂടാതെ നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും സിനിമയിലുണ്ട്.

ശ്യാം പുഷ്കരന്‍റെ തിരക്കഥയിൽ സഹീദ് അറാഫത്താണ് സിനിമയുടെ സംവിധാനം. ഗൗതം ശങ്കറാണ് ചിത്രത്തിന്‍റെ ക്യാമറ, ബിജി ബാലാണ് സംഗീതം, എഡിറ്റിങ് കിരൺ ദാസും കലാ സംവിധാനം ഗോകുൽ ദാസും സൗണ്ട് ഡിസൈൻ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറും നിർവ്വഹിച്ചിരിക്കുന്നു. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ്.

Read More: പിറന്നാൾ ദിനത്തിൽ ടൊവിനോയെ ട്രോളി ബേസിലും മാത്തുക്കുട്ടിയും; നടന്റെ പഴയ ചിത്രം ചിരി പടർത്തുന്നു

ആക്‌ഷൻ സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, കോസ്റ്യൂം ഡിസൈൻ മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ, സൗണ്ട് മിക്സിങ് തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്‌സ് രാജൻ തോമസ് ഉണ്ണിമായ പ്രസാദ്, വിഎഫ്എക്സ് എഗ് വൈറ്റ് വിഎഫ്എക്സ്, ഡി.ഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബെന്നി കട്ടപ്പന ജോസ് വിജയ്, കോ ഡയറക്ടർ പ്രിനീഷ് പ്രഭാകരൻ.

Story Highlights: Vineeth sreenivasan character in thankam