ഫ്രാൻസ് കൈയൊഴിഞ്ഞു, സിദാൻ ബ്രസീലിലെത്താനുള്ള സാധ്യതയേറുന്നു; ഫ്രഞ്ച് പടയെ നയിക്കാൻ വീണ്ടും ദെഷാം

January 9, 2023

ലോകഫുട്‌ബോളിലെ ഇതിഹാസ താരമാണ് സിനദിന്‍ സിദാൻ. കാൽപ്പന്തുകളിയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ സിദാൻ പരിശീലകനായും മികവ് തെളിയിച്ചിട്ടുണ്ട്. ലോകകപ്പ് ഫൈനലിൽ അർജന്റീനയോട് പരാജയപ്പെട്ടതോടെ ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷാം സ്ഥാനമൊഴിയുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. പകരം സിദാൻ ആ സ്ഥാനത്തേക്ക് എത്തുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ ദെഷാം ഫ്രാൻസിൽ തുടരുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. 2026 ലെ അടുത്ത ലോകകപ്പ് വരെ ദെഷാം തന്നെയായിരിക്കും ഫ്രാൻസിന്റെ പരിശീലകൻ. ഇതോടെ സിദാന് മുൻപിൽ ഫ്രാൻസിന്റെ വാതിൽ അടഞ്ഞു. റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനമൊഴിഞ്ഞശേഷം മറ്റ് പദവികളൊന്നും സിദാന്‍ ഏറ്റെടുക്കാത്തത് ഫ്രാന്‍സിന്‍റെ പരിശീലക സ്ഥാനത്തേക്ക് എത്താൻ കഴിയുമെന്ന് പ്രതീക്ഷിച്ചാണ്.

ഇതോടെ സിദാൻ ബ്രസീലിന്റെ പരിശീലകനായി എത്താനുള്ള സാധ്യത വർധിക്കുകയാണ്. സിദാനുമായി ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷൻ ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയെന്നാണ് സൂചന. പെപ് ഗ്വാര്‍ഡിയോളയും മൊറീഞ്ഞോയും ബ്രസീലിനെ പരിശീലിപ്പിക്കാൻ എത്തില്ലെന്ന് ഏകദേശം ഉറപ്പായതോടെയാണ് സിദാന്റെ സാധ്യത വർധിക്കുന്നത്.

Read More: ആൺകുഞ്ഞാണെങ്കിൽ ലയണൽ, പെൺകുഞ്ഞാണെങ്കിൽ ലയണെല; മെസിയുടെ ജന്മനാട്ടിൽ കുഞ്ഞുങ്ങൾക്ക് താരത്തിന്റെ പേരിടാൻ മത്സരം

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രോയേഷ്യയോട് പരാജയപ്പെട്ട് പുറത്തായതോടെ ബ്രസീലിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ടിറ്റെ ഒഴിഞ്ഞിരുന്നു. വരാനിരിക്കുന്ന കോപ്പ അമേരിക്ക അടക്കമുള്ള ടൂർണമെന്റുകൾക്കായി വീണ്ടും ടീമിനെ സജ്ജരാക്കേണ്ടതുള്ളത് കൊണ്ട് തന്നെ ടിറ്റെയ്ക്ക് പകരക്കാരനെ അന്വേഷിക്കുകയായിരുന്നു ബ്രസീൽ. റയൽ മാഡ്രിഡിനെ നിരവധി ചാമ്പ്യൻസ് ലീഗ് വിജയങ്ങളിലേക്ക് നയിച്ച സിദാന് ബ്രസീലിനെ കോപ്പ അമേരിക്ക, ലോകകപ്പ് അടക്കമുള്ള കിരീട വിജയങ്ങളിലേക്ക് നയിക്കാൻ കഴിയുമെന്നാണ് ആരാധകർ കരുതുന്നത്.

Story Highlights: Zidane will not become french coach

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!