നൃത്തത്തിനിടെ മകൻ വീണു; ഒപ്പം ചേർന്ന് ചുവടുവെച്ച് അമ്മയുടെ പ്രോത്സാഹനം- വിഡിയോ

February 16, 2023
dance

പഴയകാല ബോളിവുഡ് നടൻ ഗോവിന്ദയുടെ ചുവടുകൾ അന്നും ഇന്നും ഒരുപോലെ ഹിറ്റാണ്. മാസ്റ്റർപീസ് ചുവടുകൾ അനുകരിച്ച് കയ്യടി വാങ്ങുന്നവർ നിരവധിയാണ്. ഇപ്പോഴിതാ, ഒരു കൊച്ചുകുട്ടി അതീവ തന്മയത്വത്തോടെ ആ ചുവടുകൾ പകർത്തുകയാണ്. ഒരു വിവാഹവേദിയിലാണ് കുട്ടി ചുവടുവയ്ക്കുന്നത്. മെഹന്ദി ചടങ്ങുകൾക്കിടയിൽ വേദിയിൽ മനോഹരമായി കുട്ടി ചുവടുവയ്ക്കുന്നു. എന്നാൽ, അപ്രതീക്ഷിതമായി ചുവടുപിഴച്ച് താഴേക്ക് വീണു.

ആ വീഴ്ചയെ കുട്ടി പോസിറ്റീവായാണ് സമീപിച്ചതെങ്കിലും ഒരു ചമ്മൽ മുഖത്തുണ്ടായിരുന്നു. എന്നാൽ, ഒട്ടും വൈകാതെ ‘അമ്മ ഓടിയെത്തി കുട്ടിക്കൊപ്പം ചുവടുകൾ വയ്ക്കാൻ തുടങ്ങി. വളരെ ഹൃദ്യമായ ഒരു നിമിഷമാണ് അവിടെ പിറന്നത്.

ധോത്തിയും കുർത്തയും ധരിച്ചാണ് ‘ആപ് കെ ആ ജെയ്ൻ സേ’ എന്ന ഗാനത്തിന് ആൺകുട്ടി ചുവടുവയ്ക്കുന്നത്. വിവാഹ ചടങ്ങിൽ ആത്മവിശ്വാസത്തോടെ പ്രകടനം നടത്തുകയായിരുന്നു കുട്ടി. നൃത്തത്തിനിടെ പിന്നിൽ ഒരു തടസം കാരണം കുട്ടി വീഴുകയായിരുന്നു. എന്നിരുന്നാലും, അവന്റെ ആത്മവിശ്വാസം തകർന്നില്ല, കാരണം അവന്റെ അമ്മയാണ്. ‘അമ്മ മകനെ എഴുന്നേറ്റു നിൽക്കാൻ സഹായിക്കുകയും തുടർന്ന് പ്രകടനത്തിൽ ചേരുകയും ചെയ്യുന്നു. തങ്ങളുടെ സൂപ്പർ ഊർജ്ജസ്വലമായ പ്രകടനം തുടരുമ്പോൾ ഇരുവരും പുഞ്ചിരിക്കുന്നത് കാണാം.

Read Also: ട്രക്കിൽ നിന്ന് കൂറ്റൻ വാട്ടർ ജാറുകൾ ഇറക്കാൻ അമ്മയെ സഹായിക്കുന്ന കുഞ്ഞുമകൻ- ഹൃദ്യമായ വിഡിയോ

പകരം വയ്ക്കാനില്ലാത്തതാണ് മാതൃസ്നേഹം. കുഞ്ഞുങ്ങളോട് കരുതലും സ്നേഹവും വേണ്ടുവോളം ഉള്ള അമ്മമാര്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. അതേസ്നേഹം തിരികെ നൽകുന്ന ഒട്ടേറെ മക്കളുമുണ്ട്. പ്രത്യേകിച്ച് കുഞ്ഞുമക്കൾ. അത്തരം ഒട്ടേറെ കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

Story highlights- Boy falls down while dancing