ഹൗസ്ഫുൾ ഷോകളുമായി തിയേറ്ററുകളിൽ ക്രിസ്റ്റഫറുടെ ജൈത്രയാത്ര തുടരുന്നു; പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി മമ്മൂട്ടി ചിത്രം

February 12, 2023

മമ്മൂട്ടി ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ‘ക്രിസ്റ്റഫർ’ തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ദിനം തന്നെ 175 ഹൗസ്ഫുൾ ഷോകളുമായി ചിത്രം 1.83 കോടി രൂപയാണ് കേരളത്തില്‍ നിന്ന് കളക്ട് ചെയ്‌തത്‌. നിറഞ്ഞ സദസ്സിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ചിത്രം.

മമ്മൂട്ടിയും സംവിധായകൻ ബി.ഉണ്ണികൃഷ്‌ണനും ഏറെ നാളുകൾക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് ‘ക്രിസ്റ്റഫർ.’ ഒരു ത്രില്ലറായി ഒരുങ്ങിയിരിക്കുന്ന ചിത്രത്തിൽ ഒരു പോലീസ് ഓഫീസറായാണ് മമ്മൂട്ടിയെത്തിയത്. പ്രമാണിക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്‌ത ചിത്രമാണിത്. ഉദയ്‌കൃഷ്‌ണയാണ് തിരക്കഥയൊരുക്കിയത്.

അതേ സമയം സ്നേഹ, ഐശ്വര്യ ലക്ഷ്‌മി, അമല പോൾ എന്നിവർക്കൊപ്പം ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. തമിഴ് നടൻ വിനയ് റായിയാണ് ചിത്രത്തിൽ വില്ലനായി എത്തിയത്. മിഷ്‌കിന്റെ ‘തുപ്പറിവാളൻ’ അടക്കമുള്ള ചിത്രങ്ങളിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് താരം. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണവും എഡിറ്റിംഗ് മനോജും നിർവഹിച്ചിരിക്കുന്നു. ജസ്റ്റിൻ വർഗീസ് സംഗീതവും സുപ്രീം സുന്ദർ സ്റ്റണ്ടും ഒരുക്കിയിരിക്കുന്നു.

Read More: സീരിയലുകളിൽ ഒരുദിവസം മാത്രം വേണ്ടിവരുന്നത് 15 വസ്ത്രങ്ങൾ; ഒടുവിൽ സ്വയം പരിഹാരം കണ്ടെത്തി അനുമോൾ!

നേരത്തെ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ ഒരു വിഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. ഷൂട്ടിംഗിനിടെ ഒരു ആക്ഷൻ കൊറിയോഗ്രാഫറായി മാറുകയും ഒരു സീക്വൻസ് എങ്ങനെ അവതരിപ്പിക്കണമെന്ന് സുപ്രീം സുന്ദർ എന്ന കലാകാരന് നിർദേശങ്ങൾ കൊടുക്കുകയും ചെയ്യുന്ന മമ്മൂട്ടിയെ വിഡിയോയിൽ കാണാം. ‘ക്രിസ്റ്റഫർ’ സെറ്റിലെ മുഴുവൻ ക്രൂ അംഗങ്ങളും പൊട്ടിച്ചിരിയോടെ സംഭങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതും വിഡിയോയിൽ ദൃശ്യമാണ്. എറണാകുളവും വണ്ടിപ്പെരിയാറും ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകളായിരുന്നു.

Story Highlights: Christopher receives acclaim from audience